പയ്യന്നൂർ: ഖാദിതൊഴിലാളികൾക്ക് മിനിമം കൂലി കുടിശ്ശിക നൽകാൻ 14 കോടി രൂപ അനുവദിച്ചു. ഇൻകം സപ്പോർട്ട് സ്കീമിൽ നിന്നാണ് തുക അനുവദിച്ചത്.ഖാദി തൊഴിലാളികൾക്ക് നിയമാനുസൃതമുള്ള മിനിമം കൂലി കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് പുതുക്കി നിശ്ചയിച്ച് നടപ്പിലാക്കിയത്.

സർക്കാർ നിശ്ചയിച്ച മിനിമം കൂലി പൂർണമായും നൽകാൻ ഖാദി സ്ഥാപനങ്ങൾക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് പൂരക വരുമാനം പദ്ധതിയിൽനിന്ന് സർക്കാർ വിഹിതം അനുവദിച്ചു വരുന്നത്. 2019 -20 സാമ്പത്തിക വർഷത്തിൽ 21 കോടി രൂപ ഖാദി സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. കൂലി കുടിശ്ശിക തീർത്തു നൽകാൻ ഈ തുക മതിയാകാത്ത സാഹചര്യത്തിലാണ് 14 കോടി രൂപ വീണ്ടും അനുവദിച്ചത്. ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികൾക്ക് കൂലി നൽകാൻ പണം അനുവദിച്ച എൽ.ഡി.എഫ് ഗവൺമെൻ്റിനെയും തൊഴിൽ വകുപ്പിനെയും ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണ എം .എൽ .എ അഭിനന്ദിച്ചു.