കോഴിക്കോട്: കെമിസ്ട്രി വിഷയമുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ലാബ് സ്ഥാപിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ സാംബശിവറാവു നിർദ്ദേശം നൽകി. കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിൽ നിന്നുള്ള ജലവിതരണം സുഗമമാക്കുന്നതിന് കനാലിന് കുറുകെ മണ്ണിട്ട് നിർമ്മിച്ച റോഡുകൾ ഉടൻ പൊളിക്കണമെന്ന് കെ. ദാസൻ എം.എൽ.എ ആവശ്യപ്പെട്ടു. പൊതുസ്ഥലം കൈയേറുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ജോർജ് എം. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാനപാതയിലെ കൈയേറ്റം ഒഴിപ്പിക്കൽ അടുത്തമാസം മുതൽ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിഫ്ബി റോഡുകളുടെ കൈയേറ്റത്തെക്കുറിച്ച് സർവേ നടത്താത്തതിനാൽ സാങ്കേതികാനുമതി ലഭിക്കുന്നില്ലെന്ന് കാരാട്ട് റസാക്ക് എം.എൽ.എ പറഞ്ഞു. റോഡുകളിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിന് കൊടുവള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജനിയറോട് നിർദ്ദേശിച്ചു. തൂണേരിയിലെ പെട്രോൾ സ്റ്റേഷസ് സമീപമുള്ള റോഡ് വീതികൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് എസ്റ്റിമേറ്റ് തയ്യാറാക്കും. ജലവിതരണം തടസമില്ലാതെ നടക്കാൻ ഇറിഗേഷൻ വകുപ്പും പൊതുമരാമത്ത് വകുപ്പും യോജിച്ച് പ്രവർത്തിക്കണം.
കുറ്റ്യാടി പുഴയിലേക്ക് വ്യാപകമായി മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. കുറ്റ്യാടി ബൈപ്പാസ് അടക്കമുള്ള മറ്റ് പദ്ധതികളുടെയും നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ 20 കി.മീറ്റർ സോളാർ കമ്പിവേലി സ്ഥാപിച്ചുവെന്ന് ഡി.എഫ്.ഒ അറിയിച്ചു. ഇനിയും ആവശ്യമുള്ള സ്ഥലത്ത് അതാത് പഞ്ചായത്ത് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. മുൻമന്ത്രി അഡ്വ. പി. ശങ്കരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.