കുറ്റ്യാടി: കാലവും സാങ്കേതിക വിദ്യയുമെല്ലാം മാറി മറിഞ്ഞിട്ടും വേളം മണിമലയിലെ തട്ടാം മുക്കിൽ ദാമോദരന്റെ ആലയിലെപ്പോഴും തിരക്കാണ്. കുലത്തൊഴിലായി കിട്ടിയ ഈ വരദാനം ദാമോദരൻ പൊന്നുപോലെ സൂക്ഷിക്കാൻ തുടങ്ങിയിട്ട് 45 വർഷമായി. ഹാൻഡ് ബ്ലോയറിന്റെ (കൈ കൊണ്ട് തിരിക്കുന്ന ചക്രം) സഹായത്തോടെയുള്ള ദാമോദരന്റെ ജോലികളെല്ലാം അത്യാധുനിക മെഷീനുകളെ വെല്ലുന്നവയാണ്. കൈക്കോട്ട്, പടന്ന, കൊടുവാൾ, അരിവാൾ തുടങ്ങിയ കാർഷിക ഉപകരണങ്ങളാണ് ആലയിൽ ചുട്ടുപഴുപ്പിച്ച് ഹാമർ കൊണ്ടടിച്ച് പാകപ്പെടുത്തുന്നത്.
വേളം പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഓലഷെഡ് കെട്ടി ദാമോദരൻ പണിപ്പുരയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ ചെറുകുന്നിലെ തിരിക്കോത്ത് മുക്കിലാണ് ജോലി ചെയ്യുന്നത്. ചിരട്ടക്കരി ഉപയോഗിച്ചാണ് തീ കൂട്ടുന്നത്. ഒളോടിത്താഴ പാലയുള്ള പറമ്പത്ത് കുട്ടിച്ചാത്തൻ - ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലൻ വരവ് ദാമോദരന്റെ നേതൃത്വത്തിലാണ്. 25 വർഷമായി ഇദ്ദേഹത്തിന്റെ തറവാട്ടിൽ നിന്നാണ് കൊല്ലൻ വരവ് പുറപ്പെടുന്നത്.
ദൂരസ്ഥലങ്ങളിൽ നിന്നൊക്കെ ദാമോദരനെ അന്വേഷിച്ച് ആളുകൾ എത്താറുണ്ട്. കാലം മാറിയിട്ടും ഇരുമ്പ് പണിക്കെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്ന് ദാമോദരനും സാക്ഷ്പ്പെടുത്തുന്നു. പലരും കുലത്തൊഴിലിനെ മറക്കുമ്പോൾ തന്റെ തൊഴിലിൽ ആത്മ സംതൃപ്തി കണ്ടെത്തുകയാണ് ദാമോദരൻ. ഭാര്യ: അനിത. ഏകമകൾ: ആര്യ ശ്രീ.