കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലും കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസും പാലിയം ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ജെറിയാട്രിക്‌സ് ആൻഡ് ജെറന്റോളജി ശില്പശാല ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വർദ്ധിച്ചു വരുന്ന വയോജനസംഖ്യ കണക്കിലെടുത്ത് പ്രായമായവരെ പരിചരിക്കുന്നവരെയും ഡോക്ടർമാരെയും നയങ്ങൾ രൂപീകരിക്കുന്നവരെയും ബോധവത്കരിക്കുന്നതിനുളള കൂട്ടായ പ്രയത്‌നങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റു നഗരങ്ങളിലും ഇത്തരം ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ആർ. കൃഷ്ണൻ, പ്രൊഫ. എം.വി. പിള്ള, ഡോ. കെ.ജി. അലക്‌സാണ്ടർ എന്നിവരും സംസാരിച്ചു.
ജെറിയാട്രിക്‌സ് ആൻഡ് ജെറന്റോളജി രംഗത്തെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുന്ന മോണോഗ്രാഫ് ശില്പശാലയിൽ പുറത്തിറക്കി. ഈ സൗജന്യ, ഓൺലൈൻ പ്രസിദ്ധീകരണം ബി.എം.എച്ച് ജേണലിന് അനുബന്ധമായാണ് പ്രസിദ്ധീകരിച്ചത്.
രണ്ട് ദിവസം നീണ്ട ശില്പശാലയിൽ പ്രായമായവരുടെ പരിചരണത്തെയും ചികിത്സയെയും സംബന്ധിച്ച നിരവധി ചർച്ചകൾ നടന്നു. യു.എസ്.എയിലെ തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. എം.വി. പിള്ള പ്രായമായവരിലെ അനീമിയയെക്കുറിച്ചു സംസാരിച്ചു. രോഗീ കേന്ദ്രീകൃതമായ വാർദ്ധക്യ പരിചരണത്തെക്കുറിച്ചുളള ചർച്ച അദ്ദേഹം നയിക്കുകയും ചെയ്തു. ജീവിതാന്ത്യത്തിലുള്ള പരിചരണത്തെക്കുറിച്ച് പ്രൊഫ. എം.ആർ. രാജഗോപാൽ സംസാരിച്ചു.