img302002

മുക്കം : തിരുവമ്പാടി നിയോജകമണ്ഡലത്തിൽ "ലൈഫ് മിഷൻ" പദ്ധതിയിൽ പൂർത്തിയായത് 1100 വീടുകൾ. മുക്കം നഗരസഭയിലും ആറ് പഞ്ചായത്തുകളിലുമായാണ് ഇത്രയും വീടുകൾ നിർമ്മിച്ചത്. ഇവയ്ക്കു പുറമേ 215 വീടുകളുടെ നിർമ്മാണം പുരാഗമിക്കുകയണ്.

പുതുപ്പാടി പഞ്ചായത്തിലും മുക്കം നഗരസഭയിലുമായി നാലിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുക്കം നഗരസഭയിൽ 500, പുതുപ്പാടി പഞ്ചായത്തിൽ 235, കോടഞ്ചേരിയിൽ 48, തിരുവമ്പാടിയിൽ 71, കൂടരഞ്ഞിയിൽ 91, കാരശ്ശേരിയിൽ 90, കൊടിയത്തൂർ പഞ്ചായത്തിൽ 68 എന്നിങ്ങനെയാണ് പൂർത്തിയായ വീടുകളുടെ എണ്ണം.

മുക്കം നഗരസഭയിലെ പച്ചക്കാട്, മണാശ്ശേരി,പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട്, എലോക്കര എന്നിവിടങ്ങളിലാണ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്.

ലൈഫ്, പി എം എ വൈ പദ്ധതികളിലായി മുക്കം നഗരസഭയിൽ 500 വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. വിവിധ ഭവന പദ്ധതികളിൽ ഉൾപെട്ട് നിർമാണം ആരംഭിച്ച ശേഷം പൂർത്തീകരിക്കാൻ സാധിക്കാതെ വന്ന 66 വീടുകൾ ലൈഫ് ഒന്നാം ഘട്ട പദ്ധതിയിലും 434 വീടുകൾ പി എം എ വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് പൂർത്തീകരിച്ചത്. പി എം എ വൈ വീടുകൾക്ക് 1500 രൂപയ്ക്ക് ബയോഗ്യാസ് പ്ലാന്റ് നൽകുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടന വും എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. കെ ടി ശ്രീധരൻ, വി ലീല, സാലി സിബി, ഇ പി അരവിന്ദൻ, അബ്ദുൽ ഹമീദ്, എൻ കെ ഹരീഷ് എന്നിവർ സംസാരിച്ചു. തിരുവമ്പാടി പഞ്ചായത്തിൽ 71 വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗീത വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ. ആർ ഗോപാലൻ, സുഹറ മുസ്തഫ, ഹാജറ കമ്മിയിൽ, അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.