mission-thelineer

കക്കോടി: മിഷൻ തെളിനീർ പദ്ധതിയുടെ ഭാഗമായി കക്കോടി ഗ്രാമപഞ്ചായത്തിലെ മുട്ടോളി തച്ചിറയിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം തുടങ്ങി. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു ഉദ്ഘാടനം നിർവഹിച്ചു.

മിഷൻ തെളിനീരിന്റെ ഭാഗമായുള്ള ശുചീകരണം ജാഗ്രതയോടെ നിലനിറുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 350 മീറ്ററോളം വരുന്ന ചിറയുടെ ശുചീകരണം യന്ത്രങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ചോയിക്കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേലാൽ മോഹനൻ, വാർഡ് മെമ്പർമാരായ ഹരിദാസൻ പി, രാജേന്ദ്രൻ എം, ശ്രീനി വിൽസൺ, പഞ്ചായത്ത് അസി.സെക്രട്ടി ഭുവനേശ്വരി, എം.ജി.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റഡ് എൻജിനിയർ അജിത, ഹരിത കേരളം മിഷൻ ആർ പി പി കെ ജെസ്ലിൻ എന്നിവർ സംബന്ധിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.

തിക്കോടി: തെളിനീർ പദ്ധതിയിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ചിലെ പള്ളിക്കര ആനോയിക്കുളം വീണ്ടെടുത്തു. ശുചീകരണ പ്രവൃത്തി ഉദ്ഘാടനം കെ ദാസൻ എം എൽ എ നിർവഹിച്ചു. കുളത്തിന്റെ തുടർ വികസനത്തിനും സംരക്ഷണത്തിനും പദ്ധതി ആവിഷ്ക്കരിക്കുമെന്ന് എം എൽ എ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു കണ്ടംകുനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിത കേരളമിഷൻ, ശുചിത്വമിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന കുളം ഏറ്റെടുത്ത് ശുചീകരിച്ച് സൗന്ദര്യവത്ക്കരണം നടത്തുന്ന പദ്ധതിയാണ് മിഷൻ തെളിനീർ. പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, വൈസ് പ്രസിഡന്റ് പി.ടി രേണുക, സ്ഥിരം സമിതി അംഗങ്ങളായ പ്രസീത ആലങ്ങാരി, വഹീദ എം.കെ, വാർഡ് മെമ്പർമാരായ ശ്രീനിവാസൻ എം.കെ, ശശിഭൂഷൻ, ടി. ഖാലിദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. അജിത, സെക്രട്ടറി കെ.വി.സുനിലകുമാരി, ഹരിതകേരളം മിഷൻ കോർഡിനേറ്റർ പി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാർ, കുളം ശുചീകരണ കമ്മിറ്റി, പൊതുജനങ്ങൾ, രാഷ്ട്രീയ കക്ഷി പ്രവർത്തകർ, സത്യസായി സേവാ സമിതി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.