കോഴിക്കോട്: ജില്ലയ്‌ക്ക് സ്വപ്‌നതുല്യമായ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന 'മിഷൻ കോഴിക്കോട്" പദ്ധതിയുടെ രൂപരേഖ മന്ത്രി ടി.പി. രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു. ജില്ലയിലെ പ്രധാന മേഖലകളെയെല്ലാം സ്‌പർശിച്ചും, നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങൾക്ക് ഊന്നൽ നൽകിയുമാണ് രൂപരേഖ തയ്യാറാക്കിയത്.
ജില്ലയിലെ വിവിധ വകുപ്പുകളുമായി കൂടിയാലോചനയും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളെ കൂട്ടിയോജിപ്പിച്ചുള്ള മേഖലാതല സമീപനത്തിലൂടെ മിഷൻ മോഡലിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
പദ്ധതി രൂപരേഖ ഇങ്ങനെ
ഓരോ പദ്ധതിയും പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണം
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു ടീമായിരിക്കണം
ജനപ്രതിനിധികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിക്കണം
പദ്ധതി നിർവഹണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം
ത്രിതല പഞ്ചായത്ത് തലത്തിലാണ് പ്രവർത്തനം നടപ്പാക്കുന്നത്
നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്തുകളെ ഒന്നിച്ചു ചേർക്കും
പഞ്ചായത്തുകൾക്കുള്ള പദ്ധതി മാർഗരേഖ മിഷൻ രൂപരേഖ അടിസ്ഥാനമാക്കി
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ പുരോഗതി വിലയിരുത്തും
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം
സാമ്പത്തിക സാമൂഹിക പരിസ്ഥിതി ഘടകങ്ങൾക്ക് പ്രഥമ പരിഗണന
നവകേരള മിഷനിലുൾപ്പെട്ട പദ്ധതികൾക്ക് പ്രാമുഖ്യം നൽകും
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് എഡ്യൂക്കേഷൻ മിഷൻ പ്ലാൻ
കാർഷികമേഖലയിൽ വിഷരഹിത ഫലം ലക്ഷ്യമിട്ട് 'സുഫലം"
പച്ചക്കറി സ്വയം പര്യാപ്‌ത ജില്ല
വ്യവസായ തൊഴിൽ മേഖലയുടെ വികസനത്തിനായി എന്റർപ്രൈസസ്
പട്ടികജാതി കോളനികളുടെ സമഗ്ര വികസനം
'ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനായി ഭൂമിത്ര പദ്ധതി, പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന 'ഇമ്മടെ കോഴിക്കോട്" അടക്കമുള്ള വിവിധ പദ്ധതികൾ മിഷൻ കോഴിക്കോടിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്".
- ടി.പി. രാമകൃഷ്ണൻ, മന്ത്രി