വടകര: ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം മികച്ച ആശുപത്രിയാക്കി മാറ്റുന്നതിന് എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
നബാർഡ് ഫണ്ട് ഉപയോഗിച്ച് ഓർക്കാട്ടേരി സി.എച്ച്.സി ക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വീക്വീൻ കൗൺസലിംഗ് സെന്ററിന്റെയും റീ ബോൺ ഭിന്നശേഷി തെറാപ്പി യൂണിറ്റുകളുടെയും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളെ അപ്‌ഗ്രേഡ് ചെയ്തുള്ള പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കാര്യമില്ലെന്ന ബോദ്ധ്യമുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികളും സ്വീകരിക്കും. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെങ്കിലും ഉണ്ടാവണമെന്നും അവർ പറഞ്ഞു.
സി.കെ.നാണു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പാലിയേറ്റീവ് ഫിസിയോതെറാപ്പി കെട്ടിടം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ നാണു എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.ഭാസ്‌കരൻ, വിജില അമ്പലത്തിൽ, പി.വി.കവിത, വി.പി.ജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ടി.ശ്രീധരൻ, ടി.കെ.രാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ: ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, ആയിഷ ആലോള്ളതിൽ, പഞ്ചായത്ത് അംഗം വി.വിജീഷ് തുടങ്ങിയവർ സംസാരിച്ചു.