കോഴിക്കോട്: വനിതകൾക്ക് ഇനി പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു ചെല്ലേണ്ടതില്ല. നഗരത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും പരാതി സ്വീകരിക്കാൻ വനിതാ പൊലീസ് ഓഫീസർമാർ നാളെ മുതൽ നേരിട്ടെത്തും. അന്താരാഷ്ട്ര വനിതാ സുരക്ഷാ വർഷത്തിൽ വനിതാ ദിനമായ മാർച്ച് 8 മുതൽ ഡിസംബർ 31വരെയായിരിക്കും ഈ പദ്ധതി.
'ഷെൽട്ടർ' എന്ന വാഹനത്തിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും നിശ്ചിതസ്ഥലങ്ങളിൽ നിശ്ചിത സമയത്ത് എത്തിയാണ് പരാതികൾ സ്വീകരിക്കുക. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവർത്തന സമയം. ഓരോ സ്ഥലത്തും ഒരു മണിക്കൂർ വീതമാണ് ക്യാമ്പ് ചെയ്യുക. വാഹനങ്ങളിൽ ഒരു വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ടാവും.
പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രശസ്ത സാഹിത്യകാരി ഡോ. ഖദീജ മുംതാസ് നിർവഹിക്കും. ചടങ്ങിൽ ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്, ഡെപ്യൂട്ടി കമ്മിഷണർ എ.കെ ജമാലുദ്ദീൻ എന്നിവർ പങ്കെടുക്കും.
ഷെൽട്ടർ പദ്ധതിയുടെ പ്രവർത്തനം
ഷെൽട്ടർ വണ്ടിയിൽ ജനറൽ ഡയറി , പെറ്റീഷൻ രജിസ്റ്റർ പരാതിക്കാർക്ക് നൽകുന്നതിനുള്ള പെറ്റീഷൻ രസീത് എന്നിവയുണ്ടാവും
സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് ഷെൽട്ടർ ഉണ്ടെങ്കിൽ എസ്. എച്ച്.ഒ മാരും സബ് ഡിവിഷണൻ ഓഫീസർമാരും ഷെൽട്ടറിന്റെ പ്രവർത്തനം വിലയിരുത്തും.
ഷെൽട്ടർ വാഹനത്തിനായി 9497923380 എന്ന മൊബൈൽ നമ്പർ അനുവദിച്ചിട്ടുണ്ട്. ഇത് വണ്ടിയുടെ പുറത്ത് പൊതുജനങ്ങൾക്ക് കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കും.
പരാതിയുമായി എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടിവെള്ളം, ഇരിപ്പിടം എന്നിവ ഉറപ്പ് വരുത്തും.
അതാത് ദിവസം ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിയ്ക്ക് സമർപ്പിക്കും. കഴമ്പുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യും.
പരാതിയിൽ തുടർനടപടികൾ പരാതിക്കാരെ ഫോണിലോ തപാലിലോ അറിയിക്കും.
ഷെൽട്ടറിന്റെ പ്രവർത്തനം സംബന്ധിച്ച് മുഴുവൻ ചുമതലയും കൺട്രോൾ റൂം എ.സി.പി ക്കായിരിക്കും.