മാനന്തവാടി: 16 കോടിയോളം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടന്നുവരുന്ന മക്കിയാട്-നിരവിൽപ്പുഴ റൂട്ടിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാൻസ്‌ഫോർമറുകളും വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. ഇവ മാറ്റി സ്ഥാപിക്കാനായി കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 36,18,039 രൂപ അടയ്ക്കാൻ തയ്യാറാവാത്തതാണ് റോഡിൽ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്‌ഫോർമറുകളും നിലനിൽക്കാൻ കാരണം.
നിലവിലുണ്ടായിരുന്ന റോഡിനേക്കാൾ പലഭാഗങ്ങളിലും ഒരു മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് നവീകരണം നടത്തിയത്. വീതിയും ഒരു മീറ്ററോളം വർദ്ധിച്ചു. നവീകരണത്തിനായി വൈദ്യുതി തൂണുകളുടെ സ്‌റ്റേവയറുകൾ അഴിച്ചുമാറ്റിയും പോസ്റ്റുകൾക്കടിയിലെ മണ്ണെടുത്തും പല പോസ്റ്റുകളും അപകടാവസ്ഥയിലാണ്. നിരവിൽപ്പുഴ, കോറോം, കടയിങ്ങൽ, ചീപ്പാട്, മക്കിയാട് എന്നീ അഞ്ച് സ്ഥലങ്ങളിലെ ട്രാൻസ്‌ഫോമറുകളും അമ്പതോളം വൈദ്യുതി കാലുകളുമാണ് മാറ്റി സ്ഥാപിക്കേണ്ടത്. ട്രാൻസ്‌ഫോർമറുകളോട് ചേർന്നുള്ള ഭാഗങ്ങളെല്ലാം റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കു പോലും ഭീഷണിയാണ്.
കുറ്റ്യാടി ചുരംകയറിയെത്തുന്ന ഭാരംകയറ്റിയ വാഹനങ്ങൾക്ക് ലൈനുകൾ താഴ്ന്നത് കാരണം കടന്നുപോവാൻ കഴിയാതെ വരികയാണ്. റോഡിന്റെ അവസാന പണികൾക്ക് മുമ്പായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റോഡ് വെട്ടിപ്പൊളിക്കേണ്ട സാഹചര്യവുമുണ്ടാവും.
ഇതെല്ലാം മുൻകൂട്ടി കണ്ട് കെ.എസ്.ഇ.ബി കോറോം സെക്‌ഷനിൽ നിന്ന് ആറ് മാസം മുമ്പ് തന്നെ പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറെത്തറ എ.ഇ യ്ക്ക് പോസ്റ്റുകൾ മാറ്റാനാവശ്യമായ തുക അടയ്ക്കാനാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും തുക അടച്ചില്ല. റോഡ് പ്രവൃത്തികൾ അപകടത്തിനിടയാക്കുമെന്നും നിർത്തിവെക്കണമെന്നും അപകടമുണ്ടായാൽ കെ.എസ്.ഇ.ബി ഉത്തരവാദിയായിരിക്കില്ലെന്നും കാണിച്ച് കഴിഞ്ഞ മാസം 18 ന് വൈദ്യുതി ബോർഡ് പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അനുകൂലമല്ലാത്ത നിലപാടാണ് ഉണ്ടായത്.