t-siddique

കോഴിക്കോട്: അമിതനികുതി ഭാരം അടിച്ചേൽപ്പിച്ച് പിണറായി സർക്കാർ ജനജീവിതം ദുരിതമാക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ് പറഞ്ഞു. നികുതി വർദ്ധനയ്‌ക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം മാങ്കാവ് വളയനാട് വില്ലേജ് ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടിഷുകാരുടെ കാലത്തു പോലും ഇല്ലാത്ത നികുതി ഭാരമാണ് ഇപ്പോൾ അടിച്ചേൽപ്പിക്കുന്നത്. ശുഹൈബ്, ശരത്ത് ലാൽ, കൃപേഷ് വധകേസ് പ്രതികളെ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് 168 ലക്ഷം രൂപ മുടക്കിയെന്നും സിദ്ദിഖ് ആരോപിച്ചു.

കോൺഗ്രസ് മാങ്കാവ് മണ്ഡലം പ്രസിഡന്റ് മുല്ലശ്ശേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി. കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് എം.കെ. ഗോപിനാഥ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാ ഗോപിനാഥ്, എം.പി. രാധാകൃഷ്ണൻ, വി. മുഹമ്മദ്, കെ. സന്തോഷ്മെൻ എന്നിവർ പ്രസംഗിച്ചു. മാങ്കാവ് മൈതാനത്ത് നിന്നാരംഭിച്ച വില്ലേജ് ഓഫീസ് മാർച്ചിന് ടി. വസന്തകുമാർ, ധനലക്ഷമി മോഹനൻദാസ്, കെ.പി. സുബൈർ, വി. സഫ്രീന,കെ.പി. സോമസുന്ദരൻ, സിന്ദുസുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.