മാനന്തവാടി: കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭ കൊല്ലപ്പെട്ട സംഭവത്തിൽ ഊരുനിവാസികൾ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഏഴു ദിവസം പിന്നിട്ടു. ശോഭയുടെ വീട്ടുമുറ്റത്ത് കെട്ടിയ പന്തലിലാണ് ഊരുസമിതിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ശോഭയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, കൊലയാളികൾക്കെതിരെ കൊലക്കുറ്റം ചുമത്തുക, ശിക്ഷ ഉറപ്പാക്കുക, കുറുക്കൻമൂല പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക, ആദിവാസികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒരുമിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം.

സമീപത്തെ കോളനികളിൽ നിന്ന് ആളുകൾ ദിവസേന സമരപ്പന്തലിൽ ഐക്യദാർഢ്യയവുമായി എത്തുന്നുണ്ട്. തുടിയും പാട്ടും കൊട്ടുമായി ആദിവാസികൾ സമരം സജീവമാക്കുകയാണ്.

ഊരുകളിൽ ചൂഷണം ലക്ഷ്യം വച്ച് സ്ത്രീകളെ തേടിയെത്തുന്നവർക്കെതിരെ കോളനികൾ ഉണരുകയാണെന്നും അതിനുള്ള തുടക്കമാണ് ഊരിൽ തന്നെ തുടങ്ങിയ സമരമെന്നും ഊരുനിവാസികൾ പറയുന്നു.

ഞായറാഴ്ച തെരുവിൽ പ്രതിഷേധ പ്രകടനം നടത്തി. ഊരു സമിതി കൺവീനർ കെ.ജെ.സിന്ധു ആദിവാസി സമര സംഘം സെക്രട്ടറി തങ്കമ്മ തുടങ്ങിയവർ സംസാരിച്ചു. പോരാട്ടം കൺവീനർ ഷാന്റോലാൽ, സി.കെ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. നാളെ 11 മണിക്ക് വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ച് സമര സഹായ സമിതിക്ക് രൂപം നൽകാനും സമരം ശക്തമാക്കാനും ഊരുസമിതി തീരുമാനിച്ചു.