g-sudhakaran

കുന്ദമംഗലം: കിഫ്ബിയിലുൾപ്പെടുത്തിയ കുന്ദമംഗലത്തെ മൂന്ന് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. പി.ടി.എ. റഹീം എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2019 മാർച്ച് ഏഴിനാണ് കൂളിമാട് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പ്രളയത്തിൽ പാലത്തിന്റെ അയലന്റുകൾ ഒലിച്ചുപോയി. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പുതുക്കിയ രൂപരേഖയ്‌ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതിയോടെ കിഫ്ബിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം നിർമ്മാണം പുനഃരാരംഭിക്കും.
താമരശ്ശേരി സി.ഡബ്ലിയു.ആർ.ഡി.എം റോഡിൽ താമരശ്ശേരി മുതൽ വരിട്ട്യാക്കിൽ വരെയും, വരിട്ട്യാക്കിൽ മുതൽ സി.ഡബ്ലിയു.ആർ.ഡി.എം വരെയുമുള്ള നിർമ്മാണം ഇലക്ട്രിക്ക് തൂണുകളും മരങ്ങളും മാറ്റാത്തതുകൊണ്ടാണ് കാലതാമസമുണ്ടായത്. ഇതേത്തുടർന്ന് പൂർത്തീകരണ കാലാവധി മേയ് 31 വരെ ദീർഘിപ്പിച്ചു. 10 മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് കോമ്പൗണ്ട് വാൾ കെട്ടുന്നതിനുള്ള തുകയ്ക്ക് അനുമതി നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കള്ളൻതോട് കൂളിമാട് റോഡിന്റെ നിർമ്മാണ് 2018 ഫെബ്രുവരി 14നാണ്ആരംഭിച്ചതാണ്. എന്നാൽ റോഡിനു വശത്തെ കാലഹരണപ്പെട്ട പൈപ്പ്‌ലൈൻ മാറ്റി സ്ഥലം തിരിച്ച് നൽകാത്തത് പ്രവർത്തിയെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ കരാറുകാരായ കോൺട്രാക്ടിംഗ് കമ്പനി തങ്ങളെ ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റോഡിന്റെ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന മുറയ്‌ക്ക് കരാറുകാരനുമായി സംസാരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി രേഖാമൂലം മറുപടി നൽകി.