മാനന്തവാടി: പ്രളയത്തിൽ തകർന്ന കലുങ്ക് നിർമ്മിക്കാൻ ഒരു വർഷമായിട്ടും നടപടികളില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. എടവക വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിരിച്ചാൽ നടക്കൽ റോഡിലെ കലുങ്ക് പ്രളയത്തിൽ തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടതൊടെയാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. ഇരുചക്രവാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാമെങ്കിലും അപകട സാദ്ധ്യത ഏറെയാണ്.
നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾക്കുള്ള ഏക റോഡ് കൂടിയാണിത്. കൂടാതെ നാല് കോളനികളും മറ്റ് നിരവധി കുടുംബങ്ങളുടെയും ആശ്രയം ഈ റോഡായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനോ, കാർഷിക മേഖലയായ ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. തരുവണയിലേക്കുള്ള ഏളുപ്പമാർഗ്ഗമെന്ന നിലയിൽ അയൽ ജില്ലയായ കോഴിക്കോട്ടേക്കും ഈ റോഡിലൂടെ എത്താൻ കഴിയും.
മാസങ്ങൾക്ക് മുമ്പ് പരിസര പ്രദേശത്തെ ക്വാറിയിലെ വെള്ളത്തിൽ കുട്ടികൾ അകപ്പെട്ടപ്പോൾ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ചാണ് ഫയർഫോഴ്സും നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയത്. ത്രിതല പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് റോഡ് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.