കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗമായ മേലെ പാളയത്തിനും കമ്മത്ത് ലെയ്നിനും പുതുമോടി കൈവരികയായി. ടൗൺ സ്റ്റേഷൻ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഏഴു മണിക്ക് ഇവിടങ്ങളിൽ ശുചീകരണയജ്ഞം തുടങ്ങും. ഫയർഫോഴ്സുകാർ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും ഇതിൽ പങ്കാളികളാവും. ശുചീകരണം പൂർത്തിയാക്കുന്നതിനി പിറകെ ഈ രണ്ടു റോഡുകളും വൃത്തിയോടെ സൂക്ഷിക്കാനും പദ്ധതിയുണ്ട്.
സെൻട്രൽ മാർക്കറ്റ് ശുചീകരണമാണ് ജനമൈത്രി പൊലീസിന് പുതിയ പ്രവൃത്തി ഏറ്റെടുക്കാനുള്ള പ്രചോദനമായത്. ആകെ വൃത്തിഹീനമായ അവസ്ഥയിലുള്ള സെൻട്രൽ മാർക്കറ്റ് ശുചീകരിച്ചതോടെ വലിയ മാറ്റമാണ് ആ ഭാഗത്തുണ്ടായത്.
ഇതോടൊപ്പം കമ്മത്ത് ലെയ്ൻ എല്ലാ അർത്ഥത്തിലും ക്ളീനാക്കും. ഈ റോഡിലെ സ്വർണ വ്യാപാരികൾ ബഹുഭൂരിപക്ഷവും നല്ല വഴിയേ ബിസിനസ് നടത്തുന്നവരാണെങ്കിലും ചെറിയൊരു ന്യൂനപക്ഷത്തിന്റേത് നേർവഴിക്കല്ലെന്ന ആക്ഷേപം കുറേക്കാലമായുള്ളതാണ്. ജനമൈത്രി പൊലീസിന്റെ നിർദ്ദേശാനുസരണം മേലിൽ ഇത്തരം ഇടപാടുകൾ നടത്തേണ്ടെന്നാണ് തീരുമാനം.
ഇതോടൊപ്പം മറ്റൊരു തീരുമാനം കൂടിയെടുത്തിട്ടുണ്ട് കമ്മത്ത് ലെയ്നിലെ വ്യാപാരികൾ. പ്രധാന കടകൾക്ക് മുന്നിൽ സി സി ടി വി കാമറകൾ സ്ഥാപിക്കും. ഇതിൽ ഒരെണ്ണം റോഡിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലായിരിക്കും സ്ഥാപിക്കുക. ഇതോടെ കളവുമുതലുമായി എത്തുന്നവരെ മാത്രമല്ല സാമൂഹ്യവിരുദ്ധരെയും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.