വടകര: ഏറാമല പഞ്ചായത്ത് വികസന സെമിനാർ അലോങ്കലമാക്കിയ സംഭവത്തിൽ എൽ.ജെ.ഡി നേതാവിനെതിരെ പാർട്ടിയ്ക്കുള്ളിലും അമർഷം പുകയുന്നു.
ഓർക്കാട്ടേരിയിൽ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ സംസാരിക്കവെ എൽ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണൻ എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസനങ്ങളൊന്നും ഇവിടെ പറയേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടസപ്പെടുത്തൽ. തുടർന്ന് സദസ്സിലുണ്ടായിരുന്നവർ ചേരിതിരിഞ്ഞതോടെ അദ്ധ്യക്ഷൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരൻ ഇടപെട്ടു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായതെന്നും കെ.കെ കൃഷ്ണൻ അപമാനിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയല്ല, മറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നുവെന്നു കൂടി കൂട്ടിച്ചേർത്ത് അന്തരീക്ഷം തണുപ്പിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, വികസന സെമിനാറിൽ പ്രശ്നങ്ങളുണ്ടാക്കിയ മണ്ഡലം പ്രസിഡന്റിനെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്തുവന്നു. മണ്ഡലം പ്രസിഡന്റിന്റെ പ്രവൃത്തി കാരണം സംസ്ഥാന സെക്രട്ടറി കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാപ്പു പറയേണ്ട അവസ്ഥ വന്നതാണ് പാർട്ടിക്കാരെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലം പ്രസിഡന്റിന്റെ പെരുമാറ്റം ജനങ്ങൾക്കിടയിൽ ചർച്ചയായതും പാർട്ടിക്ക് ക്ഷീണമായി.