കുറ്റ്യാടി: തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിദ്ധ്യ ചെറുവനം 'പച്ചിലക്കാട്' പദ്ധതിയ്ക്ക് കള്ളാട് പുഴയോര ഭൂമിയിൽ തുടക്കമായി. കുന്നുമ്മൽ ബി.ആർ.സി യുടെയും മരുതോങ്കര ഗ്രാമപഞ്ചായത്ത്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി.
കേന്ദ്ര സർക്കാരിന്റെ 'നാരി പുരസ്‌കാര' ജേതാവ് ദേവകി അമ്മയും തീവ്രചലന പരിമിതിയുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
കുന്നുമ്മൽ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിച്ചുവരുന്ന 25 കുട്ടികളാണ് 'പച്ചിലക്കാട് ' എന്ന പേരിൽ ഒരേക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിൽ മരങ്ങൾ നട്ട് സാമൂഹിക പങ്കാളിത്തത്തോടെ സംരക്ഷിച്ച് ചെറുവനം സൃഷ്ടിക്കാനൊരുങ്ങുന്നത്. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് മുഖ്യാതിഥിയായിരുന്നു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ.അബ്ദുൾ ഹക്കിം നാരീ പുരസ്‌കാര ജേതാവ് ദേവകി അമ്മയെ ആദരിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരയണി, കുന്നുമ്മൽ എ ഇ ഒ പി.സി മോഹനൻ, ഒയിസ്‌ക പ്രതിനിധി സെഡ് എ.അബ്ദുൾ സൽമാൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൾ ലത്തീഫ്, ഡോ.സചിത്ത്, ആഷോസമം, സിറാജ് ഇല്ലത്ത്, ടി.എ. അനീഷ് എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിൽ ബി.പി.ഒ കെ.കെ. സുനിൽ കുമാർ സ്വാഗതവും റിസോഴ്‌സ് അദ്ധ്യാപകൻ പി.പി.ആദിത്ത് നന്ദിയും പറഞ്ഞു.