സുൽത്താൻ ബത്തേരി: ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര ഇന്ന് വൈകീട്ട് നടക്കും. കഴിഞ്ഞ ഏഴ് ദിവസങ്ങളായി നടന്നുവരുന്ന മഹോൽസവത്തിന്റെ പ്രധാന ആഘോഷമാണ് താലപ്പൊലി ഘോഷയാത്ര. ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുക്കും.
ബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന താലപ്പൊലി ഘോഷയാത്രകൾ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ വൈകീട്ട് ഏഴ് മണിയോടെ സംഗമിക്കും. തുടർന്ന് ഗജവീരന്മാർ, വാദ്യമേളങ്ങൾ, കാവടി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് പട്ടണം ചുറ്റി മാരിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരും. താലങ്ങളിൽ നിറച്ച കാർഷിക-നാണ്യ വിളകൾ അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് താലപ്പൊലി കാഴ്ചവരവിന് സമാപനം കുറിക്കുക.
തുടർന്ന് ഡ്രാമാറ്റിക് വിൽകലാമേള, ബാലെ, കരകം എഴുന്നള്ളത്ത്, കുഭം എഴുന്നള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം, എന്നിവ നടക്കും.


ബത്തേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
സുൽത്താൻ ബത്തേരി: ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് ഇന്ന് താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ വൈകിട്ട് 5 മണി മുതൽ ബത്തേരി പട്ടണത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 5 മണി മുതൽ മൈസൂർ ഭാഗങ്ങളിൽ നിന്ന് കൽപ്പറ്റ, കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ബത്തേരി ചുങ്കം കൈപ്പഞ്ചേരി വഴിപോകേണ്ടതും, പുൽപ്പള്ളി, വടക്കനാട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ചുങ്കം പുതിയ സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകേണ്ടതുമാണ്.

കൽപ്പറ്റ ഭാഗത്ത് നിന്ന് മൈസൂർ ഭാഗത്തേക്ക്‌ പോകുന്ന ചെറുവാഹനങ്ങൾ ലുലു ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കൈപ്പഞ്ചേരി വഴിപോകേണ്ടതും, ലോറിപോലുള്ള വലിയ വാഹനങ്ങൾ ഘോഷയാത്രയുടെ സമയങ്ങളിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപവും അഖില പെട്രോൾ പമ്പിന് സമീപവും നിർത്തിയിടേണ്ടതുമാണെന്ന് ബത്തേരി പൊലീസ് അറിയിച്ചു.