കോഴിക്കോട്: കരയിലും കടലിലും കത്തുന്ന ചൂടായതോടെ മീനിനും തൊട്ടാൽ പൊള്ളുന്ന വിലയായി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടലിലെ താപനില വല്ലാതെ വർദ്ധിച്ചപ്പോൾ മത്സ്യലഭ്യത തീരെ കുറഞ്ഞിരിക്കുകയാണ്. സാധാരണക്കാരുടെ പ്രിയഇനങ്ങളായ മത്തിയും അയലയും പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
ആവോലി, അയക്കൂറ തുടങ്ങിയവയ്ക്കും വില ഗണ്യമായി ഉയർന്നു. ശരാശരി ആവോലിയ്ക്ക് പല ദിവസങ്ങളിലും കിലോവിന് അഞ്ഞൂറു കടക്കുമ്പോൾ അയക്കൂറയ്ക്ക് പലയിടത്തും ആയിരം കടക്കുന്നുണ്ട്. മലബാറിൽ മറ്റിടങ്ങളിലേക്ക് ഏറ്റവും കൂടുതൽ മീൻ കയറ്റി അയക്കുന്നത് കോഴിക്കോട് മാർക്കറ്റിൽ നിന്നാണ്. മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മാർക്കറ്റിൽ കച്ചവടക്കാർ നന്നേ കുറഞ്ഞിരിക്കുകയാണ്.
ഉണക്കമീൻ വിപണിയും തകർന്നു
പച്ചമീനിന്റെ വരവ് കുറഞ്ഞതിനു പിറകെ ഉണക്കമീൻ വിപണിയും തകർന്ന നിലയിലാണ്. പുതിയാപ്പ ഹാർബറിൽ നിന്ന് പലപ്പോഴും ദിവസം 150 ലോഡ് വരെ ഉണക്കമീൻ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്. ഇപ്പോൾ അത് വെറും രണ്ടു ലോഡായി കുറഞ്ഞിരിക്കുകയാണ്.
ബോട്ടുകാർ ചെറുമീനുകൾ പിടിച്ചാൽ പിഴ കുറച്ചൊന്നുമല്ല. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം ബോട്ടുകളും നിശ്ചലമാണ്. പണിയില്ലാതായപ്പോൾ മറുനാടൻ മത്സ്യ തൊഴിലാളികളെ ദിവസച്ചെലവിന് 100 - 200 രൂപ വരെ കൊടുത്ത് നിറുത്തിയിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ ദുഖം
ചൂട് കൂടിയതോടെ ആഴക്കടലിൽ പോകാനാവുന്നില്ല
രണു കോടി രൂപ വായ്പയെടുത്ത് വാങ്ങി ഇറക്കിയ ബോട്ടുകൾ ഇറക്കാനാവുന്നില്ല
ബേപ്പൂർ,ചാലിയം, പുതിയാപ്പ ഹാർബറുകളിൽ പകുതിയിലേറെ ബോട്ടുകളും അനക്കമറ്റ നിലയിൽ
മത്സ്യം രണ്ടാഴ്ച മുമ്പത്തെ വില (കിലോഗ്രാമിന്) ഇപ്പോഴത്തെ വില
മത്തി 140 200
അയില 180 250
ചെമ്മീൻ (ചെറുത്) 200 300
വലുത് 300-350 400-500
''മീനിന് ക്ഷാമം കൂടിയതോടെ സാധാരണ കച്ചവടക്കാരുടെ വരുമാന മാർഗം അടഞ്ഞിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും മീൻ കിട്ടാത്ത സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിലും കാൽനടയായും വില്പന നടത്തുന്നവർക്ക് കച്ചവടം നിറുത്തേണ്ടി വന്നിട്ടുണ്ട്.
- ടി.പി റഹിം, മത്സ്യക്കച്ചവടക്കാരൻ
"ഉണക്കമീനിന് നേരത്തെ കിലോയ്ക്ക് 100 - 150 രൂപ വിലയായിരുന്നെങ്കിൽ ഇപ്പോൾ 250 - 300 രൂപ വരെ ഉയർന്നിട്ടുണ്ട്. കൂടുതൽ മീൻ ഉണക്കാൻ കിട്ടിയാലേ കാര്യമുള്ളൂ. ഉണക്കിയാലും ഇല്ലെങ്കിലും തൊഴിലാളികൾക്ക് ദിവസക്കൂലി കൊടുക്കണം. പിന്നെ കഷ്ടപ്പാട് വേറെയും."
- മീൻ ഉണക്കി വിൽക്കുന്നവർ