കുന്ദമംഗലം: മുക്കം റോഡിൽ അപകടക്കെണിയായ ചാത്തമംഗലം ചാലിയേടത്ത് വളവിന് പൊതുമരാമത്ത് വകുപ്പ് ശാപമോക്ഷം നൽകുന്നു. 14 കോടി രൂപയ്‌ക്ക് നിർമ്മിക്കുന്ന കുന്ദമംഗലം - അഗസ്‌ത്യമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി ചാലിയേടത്ത് വളവ് വീതികൂട്ടി ഉയർത്തും. വളവ് വീതിക്കൂട്ടുന്നതിനായി നാട്ടുകാർ ആറ് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്‌തു. ഒപ്പം ചെത്തുകടവിലും റോഡും വീതികൂട്ടി ഉയർത്തുന്നുണ്ട്.
അപകടങ്ങൾ പതിവായതോടെ ഇതുവഴി കാൽനടപോലും ദുഷ്‌കരമായിരുന്നു. പേടി കാരണംചാത്തമംഗലത്തേക്കുള്ള വിദ്യാർത്ഥികളടക്കമുള്ളവർ സമീപത്തെ സ്റ്റോപ്പിലേക്ക് നടന്നാണ് ബസിൽ കയറുന്നത്. മഴയത്ത് ചെറുപുഴ നിറഞ്ഞാൽ ചെത്തുകടവിലും വെള്ളം കയറി ഗതാഗതം തടസപ്പെടാറുണ്ട്. ചെത്തുകടവിലും ചാലിയേടത്ത് വളവിലും വെള്ളം കയറുന്നതോടെ മലയോരമേഖല ഒറ്റപ്പെടും. ഇതുകാരണം എൻ.ഐ.ടി, കെ.എം.സി.ടി, എം.വി.ആർ എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്നവരും വഴിയിൽ കുടുങ്ങും.
റോഡ് ഉയർത്തുന്നതോടെ വെള്ളക്കെട്ടും അപകടങ്ങളും കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ കയറ്റങ്ങളും കൊടും വളവുകളുമുള്ള കുന്ദമംഗലം - മുക്കം റോഡിന്റെ പലയിടങ്ങളിലും വീതി കുറവാണ്. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാൻ മതിയായ സ്ഥലവുമില്ല.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തിന്റെയും വീതി കൂട്ടുന്ന ജോലി പുരോഗമിക്കുകയാണ്. അപകടത്തുരുത്തായ ചാത്തമംഗലം ചാലിയേടത്ത് വളവിൽ ബൈപാസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എ മുഖേന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഗൂഗുൾ മാപ്പ് സഹിതം നിവേദനം നൽകിയിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാനുള്ള പ്രയോഗികബുദ്ധാണ് ബൈപാസ് പദ്ധതിക്ക് തടസ്സമായത്. മതിയായ സ്ഥലം സൗജന്യമായി ലഭിച്ചാൽ ബൈപാസ് നിർമ്മിക്കാനാകും.
വികസനം ഇങ്ങനെ
ചാലിയേടത്തത് വളവ് വീതികൂട്ടുന്നതിനൊപ്പം ഉയർത്തും
വളവ് വീതികൂട്ടുന്നത് കുന്ദമംഗലം - അഗസ്‌ത്യമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി
വളവ് ഉയർത്തുന്നതോടെ വെള്ളക്കെട്ടും അപകടങ്ങളും കുറയും
കുന്ദമംഗലം - അഗസ്‌ത്യമുഴി റോഡ് നവീകരിക്കുന്നതിന് അനുവദിച്ചത് - 14 കോടി
ചാലിയേടത്ത് വളവിൽ ബൈപാസ് റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാർ