കൽപ്പറ്റ: മേപ്പാടി നത്തംകുനി സനലിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെയും കൽപ്പറ്റ എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചമൂലമാണ് സനലിന് ജീവനൊടുക്കേണ്ടി വന്നത്.

കഴിഞ്ഞ ആഗസ്റ്റ് എട്ടിലെ പ്രളയത്തിൽ തകർന്ന വീടിന് മാസങ്ങൾ കഴിഞ്ഞിട്ടും പകരം വീട് നിർമ്മിച്ച് നൽകാനോ ധനസഹായം നൽകാനോ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോഴും പ്രളയനഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കുടുംബങ്ങൾ വയനാട്ടിലുണ്ട്. ഈ കുടുംബങ്ങൾക്ക് ഇനിയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. പുത്തുമലയിലെ ജനങ്ങളുടെ പുനരധിവാസം പോലും എങ്ങുമെത്താത്ത സാഹചര്യമാണ്. സനലിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും, സനലിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.