കോഴിക്കോട് : ഐ ലീഗ് ഫുട്ബാളിലെ ആവേശം നിറഞ്ഞ ഗോകുലം കേരള എഫ്.സി - ഈസ്റ്റ് ബംഗാൾ പോരാട്ടം 1-1ന് സമനിലയിൽ.
ഗോകുലത്തിനായി ക്യാപ്ടൻ മാർക്കസ് ജോസഫും ഈസ്റ്റ് ബംഗാളി നായി വിക്ടർ പെരസും ഗോൾ നേടി.
ഈസ്റ്റ് ബംഗാളിന് അനുകൂലമായി റഫ് റി തേജസ് നഗ്വേയ്ക്കർ എടുത്ത തീരുമാനങ്ങൾ മത്സര ഫലത്തിൽ നിർണായകമായി. പെനാൾട്ടി അനുവദിച്ചതും അവസാന നിമിഷത്തെ ഗോൾ നിഷേധിച്ചതും ഗോകുലത്തിന് തിരിച്ചടിയായി.
നിരന്തര ആക്രമണത്തോടെ തുടങ്ങിയ കളിയുടെ ഒമ്പതാം മിനിട്ടിൽ തന്നെ ഗോകുലം മുന്നിലെത്തി. ഗ്രൗണ്ടിന്റെ മദ്ധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി ഇടതു വിംഗിലൂടെ മിന്നൽ വേഗതയിൽ കുതിച്ച മലയാളി താരം കെ.പി രാഹുൽ ബോക്സിന് സമീപത്തു വെച്ച് മാർക്കസിന് നൽകി. ക്ലിനിക്കൽ ഫിനിഷിലൂടെ മർക്കസ് ക്ലാസ് തെളിയിച്ചപ്പോൾ ഗോകുലം മുന്നിൽ.
23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വിക്ടർ പെരസ് ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. 22 -ാം മിനിട്ടിൽ ജുവാൻ മേരയെ ഗോകുലത്തിന്റെ പ്രതിരോധ നിര താരം നോച്ചാ സിംഗ് വീഴ്ത്തിത്തിയതിന് ലഭിച്ച പെനാൽറ്റി പെരസ് ക്യത്യമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മൂന്ന് മികച്ച ഗോളവസരമാണ് ഗോകുലത്തിന് നഷ്ടപ്പെട്ടത്. മാർക്കസിന്റെ ഷോട്ട് ഒരു ഷോട്ട്പോസ്റ്റിൽ തട്ടി മടങ്ങി. കിസേക്കയുടെയും ഗാർഷ്യയുടേയും ഷോട്ട് ഈസ്റ്റ് ബംഗാളിന്റെ മലയാളി ഗോളി മിർഷാദ് തട്ടിയകറ്റി. ആദ്യമായി ഫസ്റ്റ് ഇലവനിൽ കളിക്കാൻ ലഭിച്ച അവസരം മലയാളി താരം രാഹുൽ ശരിക്കും മുതലാക്കി. ബംഗാൾ ടീമിന്റെ പ്രതിരോധത്തെ കീറി മുറിച്ച രാഹുൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് ഗാലറിയുടെ കൈയ്യടി നേടി.
തുടക്കത്തിൽ പതറിയ ഈസ്റ്റ് ബംഗാൾ ഗോൾ നേടിയതോടെ കളിയിലേക്ക് തിരിച്ചെത്തി.
49 -ാം മിനിട്ടിൽ നൊച്ചാ സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഗോകുലത്തിന് തിരിച്ചടിയായി. 62 -ാം മിനിട്ടിലും 64 -ാം മിനിട്ടിലും ലഭിച്ച അവസരം ഗോകുലത്തിന് മുതലാക്കാനായില്ല. 72ാം മിനിട്ടിൽ ജുവാൻ മേരയുടെ ഷോട്ട്. ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ഗോകുലത്തിന് ആശ്വാസമായി. 81 -ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ സൽമാന്റ മികച്ച ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോളി അയാസകരമായി തട്ടിയകറ്റി.
ഇഞ്ചുറി സമയത്ത് ലാൽ റം മാവിയ അടിച്ച ഗോൾ ഓഫ് സൈഡ് കുരുക്കിലായി. ഇത് ചോദ്യം ചെയ്ത അമിരിയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു.
അവസാന ആറ് കളികളിൽ അഞ്ച് പോയിന്റ് മാത്രമാണ് ഗോകുലം നേടിയിരിക്കുന്നത്.
14 കളികളിൽ നിന്ന് അഞ്ച് ജയവും അഞ്ച് തോൽവിയും നാല് സമനിലയുമായി 19 പോയിന്റോടെ പോയിന്റ് പട്ടികയിൽ ആറാമതാണ് മലബാറിയൻസ്. 15 കളികളിൽ നിന്ന് 20 പോയിന്റോടെ നാലാമതാണ് ഈസ്റ്റ് ബംഗാൾ.