കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച പാർക്കിംഗ് പ്ലാസ ഇനിയും യാഥാർത്ഥ്യമാകാതെ അനിശ്ചിതത്വത്തിൽ നീളുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ പാർക്കിംഗ് പ്ലാസയ്ക്ക് തറക്കല്ല് വീണിട്ട് അഞ്ച് വർഷമായിട്ടും പ്രവൃത്തി എങ്ങുമെത്തിയില്ല. മറ്റിടങ്ങളിലെ പ്ലാസ നിർമ്മാണവും കടലാസിൽ ഒതുങ്ങി നിൽക്കുകയാണ്.
പാർക്കിംഗ് പ്രശ്‌നങ്ങൾക്ക് വലിയൊരു പരിധി വരെ പരിഹാരം കാണാനായാൽ തന്നെ ഗതാഗതം സുഗമമാവുമെന്നതിൽ ആർക്കും തർക്കമില്ല. ലിങ്ക് റോഡിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓട്ടോമാറ്റിക് മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസ നിർമ്മാണത്തിനാണ് തുടക്കമിട്ടത്.
റെയിൽവേ സ്‌റ്റേഷനു സമീപം കോഴിക്കോട് വികസന അതോറിറ്റിയുടെ അധീനതയിലുള്ള 23 സെന്റ് സ്ഥലത്ത് 14 നിലകളിലായുള്ളതാണ് നിർദ്ദിഷ്ട പാർക്കിംഗ് പ്ലാസ. അത്യാധുനിക പ്ലാസയിൽ 90 കാറുകൾ പാർക്ക് ചെയ്യാനാവും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു. കെട്ടിടത്തിൽ മുകളിലെ 9 നിലകളാണ് പാർക്കിംഗിനായുണ്ടാവുക. ഒരു നില കോർപ്പറേഷൻ ഓഫീസുകൾക്കായിരിക്കും. താഴത്തെ നിലയോടു ചേർന്ന് 25 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലായില്ല. നഗരത്തിലെ പാർക്കിംഗ് സംബന്ധിച്ച് നാളിതു വരെ പ്രഖ്യാപിച്ച പദ്ധതികൾ പലതും പ്ലാനിൽ ഒതുങ്ങിക്കൂടുകയാണ്.
മാളുകളിലടക്കം കോംപ്ളക്സുകളിൽ പാർക്കിംഗിന്റെ കാര്യത്തിൽ ഏകീകൃത വ്യവസ്ഥയൊന്നുമില്ല. ചില മാളുകളിൽ പാർക്കിംഗിന് മണിക്കൂർ കണക്കാക്കി ഈടാക്കുന്ന ഫീ അവിടെ നിന്ന് നിശ്ചിത തുകയ്ക്ക് മീതെ സാധനങ്ങൾ വാങ്ങിയാൽ തിരിച്ച് നൽകുന്നുണ്ട്. എന്നാൽ പലയിടത്തും അതും ലഭ്യമല്ല. വർഷങ്ങളായി മാളുകൾ ഇത്തരത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
തീയേറ്റർ കെട്ടിടം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങളുടെ പട്ടികയിൽ പാർക്കിംഗ് സൗകര്യത്തിന്റെ കാര്യം പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്. എന്നാൽ പാർക്കിംഗ് സൗകര്യം ബാധ്യതയല്ലെന്ന മനോഭാവമാണ് മിക്ക തീയേറ്ററുകാരുടേതും.
സ്വകാര്യ കെട്ടിടങ്ങളിലെ ചൂഷണം
സൗകര്യം പോലെ
തീയേറ്ററുകളിൽ സൗജന്യ പാർക്കിംഗ് അപൂർവം
ബൈക്കുകൾക്ക് 10 രൂപ, കാറുകൾക്ക് 20 രൂപ
മാളുകളിലടക്കം പാർക്കിംഗ് ഫീ തോന്നുംപോലെ