കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ജസ്‌പ്രീത് സിംഗ് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കുട്ടിയുടെ ഹാജർ കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാഫ് കൗൺസിലിൽ നിർദ്ദേശിച്ചതായി കോളജ് പ്രിൻസിപ്പൽ ഗോഡ്‌വിൻ സാംരാജ് പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ കോളേജിലെ എല്ലാവർക്കും അതീവ ദു:ഖമുണ്ട്. എന്നാൽ പുറമേ പ്രചരിക്കുന്ന രീതിയിൽ അതിന് താനോ മറ്റുള്ളവരോ ഉത്തവരാദികളല്ല. ജസ്‌പ്രീതിന് നാലാം സെമസ്റ്ററിൽ 62 ശതമാനം മാത്രമാണ് ഹാജരുണ്ടായിരുന്നത്. അതിനാൽ ഡബിൾ കണ്ടോനേഷൻ അടച്ചാണ് നാലാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഡബിൾ കണ്ടോനേഷൻ ഒരിക്കൽ അവകാശപ്പെട്ടാൽ ഡിഗ്രി കാലയളവിൽ വീണ്ടും ഇതിന് സാധിക്കില്ല. ഇക്കാരണത്താലാണ് ആറാം സെമസ്റ്ററിൽ വിദ്യാർത്ഥിയ്ക്ക് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. ഈ സെമസ്റ്ററിൽ കോളജിലെ 11 ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമായി 15 വിദ്യാർത്ഥികൾ സെമസ്റ്റർ ഔട്ടാവുകയും നാല് വിദ്യാർത്ഥികൾ കോളേജ് ഔട്ടാവുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിച്ചശേഷം ജസ്‌പ്രീത് പരാതിയുമായി കോളേജ് പ്രിൻസിപ്പലിനെയോ ഗ്രിവൻസ് സെല്ലിനെയോ സമീപിച്ചിട്ടില്ല. ജസ്‌പ്രീത് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രത്യേകം അപേക്ഷ നൽകിയശേഷം കുട്ടിയുടെ മുൻ കണ്ടോനേഷൻ വിവരങ്ങൾ ആവശ്യപ്പെട്ട് കോളേജിലേക്ക് മെയിൽ വന്നിരുന്നു. ഇതിന് മറുപടിയും നൽകി. ഒരോ വിദ്യാർത്ഥിക്കും അവരുടെ ഹാജർ അറിയുന്നതിനുള്ള മാർഗം കോളേജ് ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥിക്ക് ആറാം സെമസ്റ്ററിൽ 47 ശതമാനം ഹാജരാണുണ്ടായിരുന്നതെന്നും എൻസിസിയുടെയും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളുടെയും പരമാവധി ഹാജർ നൽകിയിട്ടും 67 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
പരീക്ഷ എഴുതാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ തന്നെ വന്നുകണ്ടിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.