മാനന്തവാടി: ചിത്രകാരി കൽപ്പറ്റ വികാസ് നഗർ സ്വദേശി ശശികലയുടെ ഒനിയൻ കൊളാഷ് ചിത്രപ്രദർശനം മാനന്തവാടി ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ഉള്ളിത്തോൽകൊണ്ട് ചെയ്‌തെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
കൽപ്പറ്റ അഗ്രികൾച്ചറൽ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ച ശശികല 36ാം വയസിൽ കൗതുകത്തിനായി ചെയ്ത രചനകളാണ് ആർട്ട് ഗ്യാലറികളിൽ പ്രദർശിപ്പിക്കുന്നത്.
ഫെവികോൾ നേർപ്പിച്ച് ഉള്ളി, വെളുത്തുള്ളി തോൽ ഉപയോഗിച്ചാണ് ഈ 66കാരി വിസ്മയം തീർക്കുന്നത്. മഹത്മാഗാന്ധി, മദർ തെരേസ, ക്ഷേത്രകലകൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. 2016 ൽ സ്റ്റേറ്റ് മെറിറ്റ് അവാർഡ് നേടിയ ശശികലയുടെ കേരളത്തിലെ നാലാമത്തെ പ്രദർശനമാണ് ഇത്. മാർച്ച് 7 വരെയാണ് പ്രദർശനം.