കൊടിയത്തൂർ: ചെറുവാടി ' വയലും വീടും '' സ്വയംസഹായ സംഘം കാർഷിക രംഗത്ത് പുതുചരിത്രം സൃഷ്ടിക്കുന്നു. കല്ലൻതോട് ജലസേചന പദ്ധതി യാഥാർത്ഥ്യമാവുകയും ജല ഉപയോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ പുഞ്ചപ്പാടത്ത് കർഷകർ നെല്ല് മാത്രമല്ല പച്ചക്കറികൾ, കപ്പ, തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൊടിയത്തൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള ഈ സംഘം 20 കർഷകരുടെ കൂട്ടായ്മയാണ്. പച്ചക്കറി കൃഷിയോടൊപ്പം ഒരു ഏക്കർ സ്ഥലത്ത് നല്ലയിനം കപ്പ കൂടി കൃഷിയിറക്കിയാണ് 'വയലും വീടും ' എന്ന പേര് അന്വർത്ഥമാക്കിയത് '. പുഞ്ചപ്പാടത്ത് അഞ്ച് ഏക്ര സ്ഥലത്ത് നെൽകൃഷി കൂടിയുണ്ട് സംഘത്തിന്. സ്വന്തം കുടുംബാംഗങ്ങളെ കൃഷിയുടെ പരിപാലനത്തിന് കൂടെ കൂട്ടുന്ന ഇവരുടെ രീതികൾ മാതൃകയായിരിക്കയാണ്.
വിദേശത്ത് നിന്ന് വ്യവസായം നിർത്തി തിരിച്ചെത്തിയവർ, നാട്ടിലെ വ്യവസായികൾ, സഹകരണ ബാങ്ക് ജീവനക്കാർ, അദ്ധ്യാപകർ, കർഷകർ എല്ലാവരുമടങ്ങുന്നതാണ് ഈ കൂട്ടായ്മ. കാർഷികവൃത്തിയോടൊപ്പം, ശാരീരിക വ്യായാമവും, മാനസികോല്ലാസവും കൂടി ലഭിക്കുന്നുവെന്നതിനാലാണ് കുടുംബാംഗങ്ങളെ
കൂടി കൃഷി പരിപാലനത്തിന് പാടത്തിറക്കുന്നതെന്ന് സംഘാംഗങ്ങൾ സാക്ഷ്യപ്പെടൂത്തുന്നു.
സംഘത്തിന്റെ കപ്പ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉൽഘാടനം ചെയ്തു.
ഒരു മൂടിൽ 8 കിലോ വരെ ലഭിക്കുന്നുണ്ടെന്നും കൃഷി ആദായകരമാണെന്നും കർഷകർ പറയുന്നു.കെ.സി.മമ്മദ് കുട്ടി പ്രസിഡന്റും അബ്ദുറഹ്‌മാൻ ബങ്കാളത്ത് സെക്രട്ടറിയുമാണ്.