mele-palayam-cleaning

കോഴിക്കോട്: കോഴിക്കോട് ടൗൺ ജനമൈത്രി പൊലീസിന്റെ മുൻകൈയോടെ സംഘടിപ്പിച്ച മേലേ പാളയം റോഡ്, കമ്മത്ത് ലെയ്ൻ ജനകീയ ശുചീകരണയജ്ഞം വ്യാപാരികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഒരു ദിവസത്തെ ബിസിനസ് ഒഴിവാക്കി കടകൾ അടച്ചിട്ടാണ് കച്ചവടക്കാരും ജീവനക്കാരും ശുചീകരണത്തിന് അണിചേർന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ശുചീകരണം വൈകിട്ട് അഞ്ച് മണി വരെ നീണ്ടു. 19 ലോഡ് മാലിന്യമാണ് ഇന്നലെ ഈ മേഖലയിൽ നിന്ന് നീക്കം ചെയ്തത്.

നഗര ഹൃദയത്തിലെ റോഡ് ജനസൗഹൃദമാവുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വ്യാപാരികൾ തന്നെയായിരിക്കും.

ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. മേയറെ കൂടാതെ കളക്ടർ സാംബശിവ റാവു, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജമാലുദ്ദീൻ എന്നിവർ ഏറെ നേരം സ്ഥലത്ത് നിന്നു നിർദ്ദേശങ്ങൾ നൽകുന്നുമുണ്ടായിരുന്നു.

കമ്മത്തി ലെയ്‌നിലെ ഒരറ്റത്ത് മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന പ്രശ്നം പരിഹരിക്കാൻ പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും മേയറും ഉറപ്പ് നൽകി. താത്കാലിക പരിഹാരമെന്ന നിലയിൽ ജെ.സി. ബി ഉപയോഗിച്ച് ഓവുചാലിന്റെ സ്ളാബുകൾ മാറ്റി. അഗ്നിശമനരക്ഷാ സേനക്കാർ വെള്ളം പമ്പ് ചെയ്ത് മാലിന്യം ഒഴുക്കികളയുകയും ചെയ്തു.

ശുചീകരണയജ്ഞത്തിന് ജനമൈത്രി പൊലീസിന് പുറമെ അഗ്നി ശമന രക്ഷാസേന, കമ്മത്ത് ലെയ്‌നിലെയും മേലേ പാളയത്തെയും വ്യാപാരികൾ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. ഇതോടെ മേലേ പാളയവും കമ്മത്ത് ലെയ്‌നും ഏതാണ്ട് ക്ളീനായി. ഈ രണ്ട് റോഡുകളും ശുചിത്വത്തോടെ നിലനിറുത്താനുള്ള ദൗത്യവും കൂടിയുണ്ട് വ്യാപാരികൾക്ക്. കമ്മത്ത് ലെയ്‌നിലെ വ്യാപാരികൾ ഒരു പടി കടന്ന് റോഡ് സൗന്ദര്യവത്കരണത്തിനുള്ള ശ്രമത്തിന് കൂടി ഒരുങ്ങുകയാണ്.
കമ്മത്ത് ലെയ്‌നിലെ എല്ലാ കടകൾക്ക് മുന്നിലും സി സി ടി വി കാമറകൾ വെക്കാമെന്നു ഇവിടത്തെ വ്യാപാരികൾ സമ്മതിച്ചിട്ടുണ്ട്. റോഡിലേക്ക് കൂടി ഫോക്കസ് ചെയ്തുള്ള കാമറയുണ്ടാവും. ഇതോടെ ഈ റോഡിന് മോഷ്ടാക്കളിൽ നിന്നും സാമൂഹ്യവിരുദ്ധരിൽ നിന്നുമുള്ള മോചനവുമാവും.