കുറ്റ്യാടി: കല്ലുനിര നടുത്തോട് പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റുന്നതിനിടെ ബദ്‌രിയ്യ മസ്ജിദിന്റെ സംരക്ഷണഭിത്തിയടക്കം തകർന്നു വീണു. അതീവ അപകടാവസ്ഥയിലാണ് പള്ളിയുടെ നില്പ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
നടുത്തോടിനോട് ചേർന്നുള്ള മുൻഭാഗം കൽകെട്ടുകൾ തകർന്ന് ഒന്നാകെ പുഴയിലേക്ക് പതിക്കുകയാണുണ്ടായത്. ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന സ്ഥിതിയിലാണ് ബാക്കി ഭാഗം.
പള്ളിയുടെ തറയോടു ചേർന്ന ഭാഗത്തെ മണ്ണെടുത്താൽ ഇടിച്ചിലുണ്ടാവുമെന്ന് പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ ആരംഭം തന്നെ പള്ളിക്കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിനാൽ ഈ ഭാഗം ഒഴിവാക്കിയായിരുന്നു പ്രവൃത്തി. അതിനിടെ ഇന്നലെ അടിഭാഗത്തെ ഇളകിയ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റുന്നതിനിടെ മുകൾഭാഗത്തെ നിലമടക്കം തകർന്ന് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രൻ, മെമ്പർ സൂപ്പി മണക്കര, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, വൈസ് പ്രസിഡന്റ് സി.പി ബാബുരാജ്, മെമ്പർ രജിലേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. തൊട്ടിൽപാലം പൊലീസും സ്ഥലത്തെത്തി.
പള്ളിയുടെ സുരക്ഷ പരിഗണിച്ച് അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കാൻ പൊതുമരാമത്ത് പാലം ഡിവിഷൻ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. കരാറുകാരനോ, പൊതുമരാമത്ത് വകുപ്പ് അധികൃതരോ സ്ഥലം സന്ദർശിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധമുയർത്തി.