മുക്കം: നഗരസഭ ദുരന്തനിവാരണ കർമ്മപദ്ധതിക്ക് രൂപം നൽകി. ദുരന്തസാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പദ്ധതികൾ തയ്യാറാക്കുകുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ചകളും സജീവമാക്കിയ വികസന സെമിനാറാന്ന് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. റോഡ് കണക്ടിവിറ്റി, ഷെൽട്ടർ മാനേജ്മെന്റ്, സന്നദ്ധ പ്രവർത്തകരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കൽ എന്നിവയ്‌ക്കാണ് ഊന്നൽ നൽകുന്നത്. വാർഡ്തല വിവരശേഖരണം, ട്രാൻസിസ്റ്റ് വർക്ക്, ഫോക്കസ് ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലുള്ള കരട് പദ്ധതിയാണ് സെമിനാറിൽ അവതരിപ്പിച്ചത്.
ഉത്തരമേഖല ഫയർ സേഫ്റ്റി ഓഫീസർ കെ.അബ്ദുൽറഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ റിസോഴ്സ് ടീം അംഗങ്ങളായ ഇ. സത്യനാരായണൻ, കെ. മോഹനൻ, ആറുകണ്ടത്തിൽ ബാലൻ, ഇ. രാജഗോപാൽ, രാജൻ ശ്രാവണം, പത്മനാഭൻ, ഇ.കെ. രാജൻ, കിഷോർ എന്റെ മുക്കം, രാജീവ് സ്മാർട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.എ.എം.ഒ കോളേജിൽ നടന്ന സെമിനാറിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ. അബ്ബാസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. പ്രശോഭ് കുമാർ, വി. ലീല, കെ.ടി. ശ്രീധരൻ, സാലി സിബി, കൗൺസിലർമാരായ ടി.ടി. സുലൈമാൻ, പി.കെ. മുഹമ്മദ്, ജെസി രാജൻ, ഷഫീഖ് മാടായി എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിദ മോയിൻകുട്ടി സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.