സുൽത്താൻ ബത്തേരി: ബത്തേരി നഗരത്തിനടുത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച ബിപിൻ മറ്റൊരു ബസ്സിൽ നിന്ന് അപകടത്തിപ്പെട്ട ബസ്സിലേക്ക് മാറി കയറുകയായിരുന്നു. പി.എസ്.സി കോച്ചിംഗ് ക്ലാസിൽ പോകാനാണ് മലയച്ചംകൊല്ലി സ്വദേശി ബിപിൻ നെല്ലാറച്ചാലിൽ നിന്ന് അമ്പലവയലിലെത്തി ലോ ഫ്‌ളോർ ബസ്സിൽ സുൽത്താൻ ബത്തേരിക്ക് കയറി. വഴിമദ്ധ്യേ കൊളഗപ്പാറയിലെത്തിയപ്പോൾ അവിടെ ഇറങ്ങി, കൽപ്പറ്റയിൽ നിന്നും വരുന്ന ഗീതിക ബസിൽ കയറുകയായിരുന്നു. സ്വന്തം അമ്മാവന്റെ ബസായതിനാൽ സഹായിയായി പുറകിലത്തെ ഡോറിന് സമീപം നിൽക്കുകയായിരുന്നു.
ബസ്സ് അപകടത്തിൽപ്പെട്ടപ്പോൾ പുറത്തേക്ക് തെറിച്ചുവീണ ബിപിന്റെ ദേഹത്തേയ്ക്കാണ് ബസ് മറിഞ്ഞത്. ഓടികൂടിയ ആളുകളും പൊലീസും ഫയർഫോഴ്സും ബസ് പൊക്കിയാണ് ബിപിനെ പുറത്തെടുത്തത്.
സർക്കാർ ജോലി ആഗ്രഹിച്ചിരുന്ന ബിപിൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ പി.എസ്.സി.സെന്ററിൽ പരിശീലനം നടത്തി വരികയായിരുന്നു. പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സഹോദരങ്ങൾ രണ്ട് പേരും സർക്കാർ ജീവനക്കാരാണ്. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്ന ബിപിന്റെ മരണം കൂട്ടുകാർക്ക് ഉൾകൊള്ളാനായില്ല.
സേവന സന്നദ്ധരായി ആംബുലൻസുകളുടെ നീണ്ട നിര
സുൽത്താൻ ബത്തേരി: ബസ് അപകടമുണ്ടായ വിവരം അറിഞ്ഞതോടെ 108 ഉൾപ്പെടെയുള്ള സർക്കാരിന്റെ മുഴുവൻ ആംബുലൻസുകളും വിവിധ സ്വകാര്യ ആശുപത്രികളുടെ കീഴിലുള്ളതും സന്നദ്ധ സംഘടനകളുടേതുമായ മുഴുവൻ ആംബുലൻസുകളും നിമിഷ നേരം കൊണ്ട് അപകട സ്ഥലത്ത് കുതിച്ചെത്തി. അപകടത്തിൽപ്പെട്ടവരെ ഏറ്റവും വേഗത്തിലാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. പരിക്കറ്റവരെയും കൊണ്ടുള്ള ആംബുലൻസുകൾ എത്താൻ തുടങ്ങിയതോടെ അടിയന്തിര ചികിൽസാ സൗകര്യങ്ങളൊരുക്കി എല്ലാ ആശുപത്രികളും സജ്ജമായത് കാരണം അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞു.
അപകടങ്ങൾ വിളിച്ചു വരുത്തുന്ന അനധികൃത പാർക്കിംഗ്
സുൽത്താൻ ബത്തേരി: മാനിക്കുനിയിൽ അപകടമുണ്ടായ സ്ഥലത്തെ അനധികൃത പാർക്കിംഗ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നു. ദേശീയപാതയുടെ ഇരുവശവും ഇതര സംസ്ഥാന ലോറികളടക്കമുള്ള ഹെവി വാഹനങ്ങളാണ് പകൽ സമയങ്ങളിൽപോലും പാർക്ക് ചെയ്യുന്നത്. പലപ്പോഴും ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ദിവസങ്ങളോളം റോഡരുകിൽ തന്നെ കിടക്കും. വലിയ വാഹനങ്ങൾ ഇവിടെ നർത്തിയിടുന്നത് ഇരുഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യും. നേരത്തെ ഇവിടെ ഇത്തരത്തിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടായതോടെ ഈ ഭാഗം നോപാർക്കിംഗ് ഏരിയയാക്കിയിരുന്നു.