kunhiraman

പേരാമ്പ്ര: കുഞ്ഞിരാമേട്ടന്റെ ഒന്നര ഏക്കർ വരുന്ന കൃഷിയിടത്തിൽ എന്തൊക്കെയുണ്ട് എന്ന് ചികയുന്നതിനു പകരം എന്തില്ല എന്ന് അന്വേഷിക്കുന്നതായിരിക്കും എളുപ്പം. വൈവിദ്ധ്യമാർന്ന ഇനങ്ങൾ അത്രയേറെയുണ്ട് ഇവിടെ.

രണ്ടു പതിറ്റാണ്ടായി വിഷരഹിത ജൈവകൃഷിയിലൂടെ നൂറു മേനി വിളയിച്ച് മാതൃകയാവുകയാണ് കുഞ്ഞിരാമേട്ടൻ എന്ന കല്ലോട്ടെ കീഴില്ലത്ത് ടി. കുഞ്ഞിരാമൻ. ജൈവകൃഷി പരമാവധി വ്യാപിപ്പിക്കാനായാൽ വ്യക്തികളുടെയെന്നല്ല, സമൂഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്ന് ഇദ്ദേഹം പറയുന്നു.
ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കിസാൻ രത്‌ന പുരസ്‌കാരം, കിസാൻ മിത്ര പുരസ്‌കാരം എന്നിവ ഇവയിൽ ചിലതുമാത്രം.
തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത വളം ഉപയോഗം കുറവായ കപ്പ ഇനങ്ങൾ, സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഇഞ്ചി, മഞ്ഞൾ, കുരുമുളക് ഇനങ്ങൾ, കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡിന്റെ അംഗീകാരമുള്ള തെങ്ങിൻ തൈകൾ തുടങ്ങിയവയ്ക്കു പുറമെ ഔഷധ സസ്യങ്ങൾ, അലങ്കാര ചെടികൾ, ബഡിംഗ് - ഗ്രാഫ്റ്റിംഗ് തൈകൾ എന്നിവയെല്ലാം കുഞ്ഞിരാമേട്ടന്റെ കൃഷിയിടത്തിലുണ്ട്. കുടുംബത്തിന്റെയും ചങ്ങാതിമാരുടെയുമെല്ലാം നല്ല പിൻബലവുമുണ്ട് ഇദ്ദേഹത്തിന്.