budget

കോഴിക്കോട്: ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള ആതുരാലയങ്ങൾക്കും ഫാമുകൾക്കും സൗരോർജ്ജത്തിന്റെ കരുത്ത് പകരാൻ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി.

ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാറിൽ സംസാരിക്കവെയാണ് പ്രസിഡന്റ് ബാബു പറശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്. 2020 - 21 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സൗരോ‌ജ്ജ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. പതിമൂന്നാം പഞ്ചവത്സര പദ്ധതി, കരട് വാർഷിക പദ്ധതി രേഖ എന്നിവ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ്ജ് അവതരിപ്പിച്ചു.

2020- 21 വാർഷിക പദ്ധതിയിൽ 71,03,71000 രൂപയാണ് ബഡ്‌ജറ്റ് വിഹിതം. ഉദ്പാദന മേഖലയ്‌ക്ക് 30 ശതമാനവും സേവന മേഖലയ്‌ക്ക് 45 ശതമാനവും പശ്ചാത്തല മേഖലയ്‌ക്ക് 25 ശതമാനവുമാണ് വകയിരുത്തിയിട്ടുള്ളത്.

ഭവന നിർമ്മാണത്തിന് മുഖ്യ പരിഗണന നൽകും. ലൈഫ് ഭവന പദ്ധതിയ്‌ക്കായി 12 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. 'ക്ലീൻ സ്‌കൂൾ" പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത് പരിധിയിലുള്ള 44 വിദ്യാലയങ്ങളിൽ മൂത്രപ്പുര, ടോയ്‌‌ലെറ്റ് എന്നിവ വൃത്തിയാക്കുന്നതിന് ജീവനക്കാരെ നിയമിക്കും. കർഷകരെ സഹായിക്കുന്നതിന് ജില്ലയിൽ സഞ്ചരിക്കുന്ന അരിമില്ല് സ്ഥാപിക്കും. ജില്ലാ ആശുപത്രികളുടെ മികച്ച പ്രവർത്തനത്തിന് ഫണ്ടനുവദിക്കും. കറവപ്പശു സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും.

ബഡ്ജറ്റ് ഇങ്ങനെ

 2020- 21 വാർഷിക പദ്ധതി വിഹിതം - 71,03,71000 കോടി രൂപ

 ഉദ്പാദന മേഖലയ്‌ക്ക് - 30%

 സേവന മേഖലയ്‌ക്ക് - 45%

 പശ്ചാതല മേഖലയ്‌ക്ക് - 25%

മറ്റ് പ്രഖ്യാപനങ്ങൾ

 വനിതാക്ഷേമം- 4.74 കോടി

 മാലിന്യ സംസ്‌കരണം, ജലസംരക്ഷണം - 3.99 കോടി

 കുട്ടികൾ, ട്രാൻസ്‌ജെൻഡറുകൾ ക്ഷേമം- 3.20 കോടി

 വയോജന ക്ഷേമം, പാലിയേറ്റീവ് കെയർ - 2.19 കോടി

 ഭിന്നശേഷി സ്‌കോളർഷിപ്പ്- 2.80 കോടി

 നെൽക്കൃഷി, പച്ചക്കറി കൃഷി- 1.45 കോടി

 മുട്ടഗ്രാമം, ക്ഷീരഗ്രാമം, പോത്തുകുട്ടി, കിടാരി പദ്ധതികൾക്ക് - നാല് കോടി

 കൂട്ടായ പ്രവർത്തനം വേണം: കളക്ടർ

ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഊന്നൽ നൽകുന്ന വികസന മാർഗരേഖയുണ്ടാവണമെന്നും അതിന് കൂട്ടായ പ്രവർത്തനമുണ്ടാകണമെന്നും ജില്ല കളക്ടർ എസ്. സാംബശിവ റാവു പറഞ്ഞു. ജില്ലാപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. ബാബു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.