home

കോഴിക്കോട്: വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തിന്റെ ഇരകൾക്കായി 60 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മർകസ് ഭാരവാഹികൾ വ്യക്തമാക്കി.

പൂർണമായും തകർന്ന വീടുകൾക്ക് ആറ് ലക്ഷം രൂപയും ഭാഗികമായി തകർന്നവക്ക് ഒരു ലക്ഷം രൂപയും നൽകും. ദുരിതസാഹചര്യങ്ങളിൽ കഴിയുന്ന ഇരകളുടെ കണക്കെടുപ്പ് മർകസ് ഡൽഹി ഓഫീസിനു കീഴിൽ പൂർത്തിയാക്കി. സീലാംപൂരിൽ വീട് കത്തിനശിച്ച മുഹമ്മദ് മുഷ്‌താഖിന് ഫണ്ട് കൈമാറി മർകസ് ‌ഡൽഹി കോ ഓർഡിനേറ്റർ നൗശാദ് സഖാഫി ഭവന നിർമ്മാണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

കലാപത്തിൽ തൊഴിൽരഹിതരായവർക്ക് തൊഴിലുപകരണ വിതരണവും മർകസിന് കീഴിൽ നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട വിതരണം ജാഫറാബാദിൽ 15 ഉന്തുവണ്ടികൾ കൈമാറി ജാഫറാബാദ് എം.എൽ.എ അബ്ദുറഹ്‌മാൻ നിർവഹിച്ചു. ധാന്യകിറ്റുകൾ, പഠനോപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മർകസ് നൽകും.

കലാപത്തിൽ സർവവും നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ മർകസ് സജീവമായി ഉണ്ടാവുമെന്ന് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും കൗൺസലിംഗ് നൽകാനായി മർകസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .

മർകസ് ദൽഹി പ്രതിനിധികളായ മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫൽ ഖുദ്‌റാൻ, മൗലാന ഖാരി സഗീർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.