news

മഞ്ചേരി: ഉണ്ണി ആറിന്റെ പ്രശസ്തമായ ചെറുകഥ 'വാങ്ക്' അഭ്രപാളികളിലെത്തുമ്പോൾ തലപ്പത്തുള്ളത് രണ്ട് സ്ത്രീകൾ. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യാപ്രകാശാണ് ചിത്രത്തിന്റെ സംവിധായിക. തിരക്കഥയൊരുക്കുന്നത് നവാഗതയായ ഷബ്ന മുഹമ്മദും. ഈ മാസം 13ന് ചിത്രം തീയേറ്ററുകളിലെത്തും. സംവിധാനവും തിരക്കഥയും രണ്ടു സ്ത്രീകൾ നിർവ്വഹിക്കുന്നുവെന്ന സവിശേഷതയുമുണ്ട്.

നാലു പെൺകുട്ടികളുടെ ആഗ്രഹങ്ങൾ മുൻനിറുത്തിയാണ് ചിത്രം പുരോഗമിക്കുന്നത്. കേന്ദ്രകഥാപാത്രമായ റസിയയുടെ ബാങ്കു വിളിക്കണമെന്ന ജീവിതാഭിലാഷമാണ് പ്രധാന പ്രമേയം. വിവാദങ്ങളിൽ ഊന്നാതെ ,​ സാധാരണ വിശ്വാസിയുടെ ജീവിതാഭിലാഷങ്ങളുമായി സാഹിത്യസൃഷ്ടിയെ ചേർത്തുവയ്ക്കുന്നതാണ് സിനിമയെന്ന് കാവ്യ പ്രകാശ് പറയുന്നു. വിപ്ലവകരമായല്ല ഉണ്ണി ആറിന്റെ കഥയെ സമീപിച്ചത്. - കാവ്യ കൂട്ടിച്ചേർത്തു

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ആസ്വാദകർക്കിടയിൽ ചിത്രം ആകാംക്ഷ ജനിപ്പിച്ചിരുന്നു. പാട്ടുകളും ട്രെയിലറും ജനങ്ങൾ ഏറ്റെടുത്തതായി നിർമ്മാതാക്കളായ സിറാജുദ്ദീനും ഷബീർ പത്താനും പറഞ്ഞു.
മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. 7ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിലാണ് 'വാങ്ക്' പ്രേക്ഷകരിലേക്കെത്തുന്നത്. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിനീത്, മേജർ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്നി ഖാൻ, പ്രകാശ് ബാരെ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ കാവ്യ മിറിയാഡ് ആഡ് ഫിലിംസിൽ മൃദുൽ നായരോടൊപ്പം ചേർന്ന് മോഹൻലാൽ, ക്രിസ് ഗെയ്ൽ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി ടെക് എന്ന സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള കാവ്യ സ്വതന്ത്ര സംവിധായികയാകുന്ന ആദ്യചിത്രമാണ് വാങ്ക്. മേജർ രവിയുടെ മകൻ അർജ്ജുൻ രവിയാണ് ഛായാഗ്രാഹകൻ. പി.എസ്. റഫീഖ് ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ ഓഡിയോ സി.ഡി. പ്രകാശനം മഞ്ചേരിയിൽവച്ച് സുഡാനി ഫ്രം നൈജീരിയയിലൂടെ ജനശ്രദ്ധ നേടിയ സാമുവൽ നിർവ്വഹിച്ചു. അനശ്വര രാജൻ, നിരഞ്ജന, ഗോപിക രമേഷ്, സംവിധായിക കാവ്യ പ്രകാശ്, ഛായാഗ്രാഹകൻ അർജ്ജുൻ രവി, നിർമ്മാതാക്കളായ സിറാജുദ്ദീൻ, ഷബീർ പത്താൻ തുടങ്ങിയവർ സംബന്ധിച്ചു.