കോഴിക്കോട്: അഞ്ച് മാസം മുമ്പ് കാണാതായ മകൻ അശോകിനായി ഭോപ്പാലിലെ ഉന്ത് വണ്ടിക്കാരനായ ബാലക് റാം രജ്പുത്തും ഭാര്യ രാധയും മുട്ടാത്ത വാതിലുകളില്ല. പക്ഷേ നിരാശയായിരുന്നു ഫലം. കഴിഞ്ഞ ദിവസം ആ നിരാശ സന്തോഷമായി മാറിയപ്പോൾ കോഴിക്കോടും അതിന് സാക്ഷിയായി. മാനസിക സ്ഥിരതയില്ലാത്ത അശോകിനെ കോഴിക്കോട്ട് കണ്ടെന്ന് ഇവരെ അറിയിച്ചത് ഡോ. ആശുതോഷും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സബിതയും വൈരാഗി മഠവുമായിരുന്നു.
21കാരനായ അശോക് ചെറുപ്പത്തിൽ ആരോഗ്യവാനായിരുന്നെങ്കിലും കഴിഞ്ഞ വർഷം നവംബറിലാണ് ഭോപ്പാലിലെ ഗലിയിൽ വച്ച് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചത്. ഇൻഡോറിലെ മാനസികാശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ ഒക്ടോബർ എട്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് ബാലക് റാമും രാധയും പൊലീസിൽ കേസ് കൊടുത്തിട്ടും ഫലമുണ്ടായില്ല. തുടർന്ന് അഞ്ച് മാസമായി ഇവർ അശോകിനായുള്ള അന്വേഷണത്തിലായിരുന്നു.
അതിനിടെയാണ് ഭോപ്പാലിലേക്ക് മലപ്പുറം പൊലീസിന്റെ വിളിയെത്തിയത്. തുടർന്ന് ബാലക് റാം വൈരാഗി മഠവുമായി ബന്ധപ്പെട്ടു. എന്നാൽ മലപ്പുറത്ത് യാദൃച്ഛികമായുണ്ടായ മോഷണ കേസിൽ പിടിയിലായ അശോകിനെ കുതിരവട്ടം മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ അധികൃതർ ഇൻഡോർ ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സാരേഖകൾ പരിശോധിക്കുന്നതിനിടെ മാതാപിതാക്കൾ കോഴിക്കോട്ടെത്തിയിരുന്നു. അഞ്ച് മാസത്തിന് ശേഷം അവർ മകനെ കണ്ടു. തുടർന്ന് വൈരാഗി മഠത്തിൽ താമസിച്ച് മകനെ തിരിച്ച് കൊണ്ടുപോകാൻ വഴി തേടുമ്പോഴാണ് മഠത്തിലെ മഹാരാജ് അഡ്വ. സബിതയെ വിളിച്ച് കേസ് ഏല്പിച്ചത്.
അഡ്വ. സബിത മലപ്പുറം കോടതിയിൽ നിന്ന് കേസ് പിൻവലിക്കാൻ നടപടിയുണ്ടാക്കി. തുടർന്ന് കുതിരവട്ടം ആശുപത്രിയിൽ രേഖകൾ സഹിതം വിവരം നൽകി. തുടർന്നാണ് അശോകിനെ മാതാപിതാക്കൾക്ക് കൈമാറിയത്. തുടർചികിത്സയ്ക്കായി ഇവർ മകനുമായി ഇന്നലെ മംഗള എക്‌സ്‌പ്രസിൽ ഇൻഡോറിലേക്ക് പോയി. കേരളത്തോടുള്ള നന്ദി എന്നും ഹൃദയത്തിലുണ്ടാകുമെന്ന് നിറകണ്ണുകളോടെ ബാലക് റാം രജ്പുത്തും രാധയും പറഞ്ഞു.