സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറീന് പാമ്പ് കടിയേറ്റ ക്ലാസ് മുറി പൊളിച്ചു മാറ്റി. ഷഹ്‌ല പഠിച്ചിരുന്ന ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടമാണ് കഴിഞ്ഞ ദിവസം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി പൊളിച്ച് നീക്കിയത്.
2019 നവംബർ 20-നാണ് ക്ലാസ് മുറിയിലെ മാളത്തിൽ നിന്ന് പാമ്പിന്റെ കടിയേറ്റ് ഷഹ്‌ല മരിച്ചത്. ഷഹ്‌ലയുടെ മരണത്തെ തുടർന്ന് ഈ ക്ലാസ് റൂം ഉൾപ്പെടുന്ന കെട്ടിടം പൂട്ടിയിടുകയും അവിടെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ ഓഡിറ്റോറിയം ഹാളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഓഡിറ്റോറിയം ക്ലാസ് മുറിയാക്കി തിരിച്ചാണ് പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ നടത്തുന്നത്.
ഷഹ്‌ലയുടെ മരണത്തെ തുടർന്ന് സ്‌കൂൾ സന്ദർശിച്ച വിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. നേരത്തെ കിഫ്ബിയിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും കൂടി കൂട്ടി മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
9000 ചതുശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഓരോ നിലകളിലും അഞ്ച് ക്ലാസ് മുറികളും രണ്ട് ടോയ്‌ലെറ്റ് ബ്ലോക്കുകളുമാണ് നിർമ്മിക്കുന്നത്. മന്ത്രി അനുവദിച്ച രണ്ട് കോടികൊണ്ട് ആദ്യത്തെ രണ്ട് നിലകളും കിഫ്ബി ഫണ്ടിൽ നിന്നുള്ള ഒരു കോടികൊണ്ട് മൂന്നാം നിലയും നിർമ്മിക്കും. ആറ് മാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കാനാണ് നഗരസഭ നിർദ്ദേശിച്ചിട്ടുള്ളത്.