മുക്കം: കളിയും ചിരിയുമായി ആഹ്ലാദം പങ്കുവച്ച് കിടപ്പു രോഗികളും കുടുംബാംഗങ്ങളും ഒത്തുകൂടി. സ്ഥിരമായി വീടിനകത്ത് തളച്ചിടപ്പെട്ട നിലയിൽ കഴിയുന്ന രോഗികളും കുടുംബാംഗങ്ങളുമാണ് മുക്കം നഗരസഭയും സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് മണാശ്ശേരി സ്കൂളിൽ ഒരുക്കിയ പാലിയേറ്റിവ് കൂടുംബ സംഗമത്തിൽ ഒത്തു ചേർന്നത്.
ഒരു പകൽ മുഴുവൻ അവർ സ്കൂളിൽ ചെലവഴിച്ചു. ഗാനമേള, കോമഡി ഷോ, മാജിക് ഷോ എന്നിവയും ആസ്വദിച്ചു. എം എ എം ഒ കോളേജ് വിദ്യാർത്ഥികൾ നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു. സംഗമം നഗരസഭ ചെയർമാൻ വി കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ പി പ്രശോഭ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ കോഴിക്കോട് നാരായണൻ നായർ മുഖ്യാതിഥിയായിരുന്നു. മേജർ റിനൂബ് പ്രഭാഷണം നടത്തി. ഡോ.സി കെ ഷാജി, രജിക കാമത്ത് എന്നിവർ ചേർന്ന് നൽകിയ പാലിയേറ്റിവ് ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ മെഡിക്കൽ ഡോ എം മോഹൻ ഏറ്റുവാങ്ങി. കെ ടി ശ്രീധരൻ, വി ലീല, സാലിസിബി, എൻ ചന്ദ്രൻ, എൻ കെ ഹരീഷ്, ഡോ. രമ്യ, റോഷൻ ലാൽ, എ ജയപ്രകാശൻ എന്നിവർ സംസാരിച്ചു.