പുൽപ്പള്ളി: കോളനിവാസികൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് കാട്ടാനകളുടെ വിളയാട്ടം. ഇരുളം ചുണ്ടക്കൊല്ലി കോളനിപരിസരത്തെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശം ഉണ്ടാക്കി.
കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കുടുംബങ്ങളുടെ വാഴയടക്കമുള്ള കൃഷികൾ നശിപ്പിച്ചു. സർക്കാർ നൽകിയ ഭൂമിയിലാണ് ഇവിടത്തെ നൂറോളം കുടുംബങ്ങൾ കഴിയുന്നത്. കാപ്പിത്തോട്ടത്തിലാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. കാപ്പി ചെടികൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ രാത്രി കാലങ്ങളിൽ ആനയിറങ്ങിയാൽ കാണാൻ ബുദ്ധിമുട്ടാണ്. തോട്ടത്തിൽ നിറയെ പ്ലാവുകളും മാവുകളുമുണ്ട്.
പ്ലാവിലെ ചക്ക തിന്നാനാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ എത്തിയത്. മിക്ക പ്ലാവുകളിലേയും ചക്കകൾ പറിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ആനയിറങ്ങുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
ഒറ്റപ്പെട്ട നിലയിലാണ് പല വീടുകളും. സന്ധ്യ മയങ്ങുന്നതോടെ ഈ വഴി നടക്കാൻ പോലും ആളുകൾ ഭയപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള തോട്ടം ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. ആന അടക്കമുള്ള വന്യജീവികൾ തങ്ങളുടെ വീട്ടുമുറ്റത്ത് എത്തുന്നത് തടയാൻ അടിയന്തിര നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം. വന്യജീവികളെ പ്രതിരോധിക്കാൻ ആവശ്യമായ യാതൊരു സുരക്ഷാ സംവിധാനവും പ്രദേശത്ത് സ്ഥാപിച്ചിട്ടുമില്ല.
(ഫോട്ടൊ- ആന നശിപ്പിച്ച വാഴകൾ.)