പുൽപ്പള്ളി: സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ ഭീതി പരത്തുന്ന കാട്ടുകൊമ്പനെ കാടുകയറ്റാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കർമ്മസമിതി യോഗത്തിൽ തീരുമാനം.
വണ്ടിക്കടവ്, കാപ്പിസെറ്റ്, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി കർണാടക വനത്തിൽ നിന്നിറങ്ങുന്ന കൊമ്പൻ വൻ നാശമാണ് കൃഷിയിടങ്ങളിൽ വരുത്തുന്നത്. പലതവണ കാടുകയറ്റിയ കാട്ടുകൊമ്പൻ വീണ്ടുംനാട്ടിലിറങ്ങുകയാണ്.
വൈദ്യുതി വേലിയടക്കം തകർത്താണ് ഈ ആന നാട്ടിലിറങ്ങുന്നത്. വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയുടെ സഹായത്തോടെ ആനയെ ഉൾവനത്തിലേക്ക് കയറ്റിവിടാനാണ് തീരുമാനം.
പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ, പുൽപ്പള്ളി, മുള്ളൻകൊല്ലിപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശശികുമാർ, തുടങ്ങിയവരും പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു.
(ഫോട്ടൊ- കാട്ടാനയെ തുരത്താനായി വണ്ടിക്കടവിൽ ചേർന്ന യോഗത്തിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ സംസാരിക്കുന്നു.)