കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓഫീസേഴ്സ് ഗസ്റ്റ് ഹൗസിൽ പൊട്ടിത്തെറി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഉപയോഗശേഷം മുറിയിൽ സൂക്ഷിച്ചിരുന്ന റൂം ഫ്രഷ്‌നറിന്റെ കുപ്പിയിലേക്ക് തീപടർന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
മുൻഭാഗത്തെ മുറിയുടെ വാതിലും ജനലും പൂർണമായും തകർന്നു. ഗ്ലാസുൾപ്പെടെ റോഡിലേക്ക് തെറിച്ചുവീണു.
റൂം ഫ്രഷ്‌നറുൾപ്പെടെയുള്ള സാധനങ്ങൾ കെയർടേക്കറുടെ മുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചതായിരുന്നു. ഇതിന് മുകൾ ഭാഗത്തായി ചുമരിൽ കത്തിച്ചുവെച്ച ചന്ദനത്തിരി താഴേക്കുവീണ് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അതീവസുരക്ഷാ മേഖലയിലെ പൊട്ടിത്തെറി വിശദമായ അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതരും വ്യക്തമാക്കി. കെയർ ടേക്കറുടെ പേരിൽ ടൗൺ പൊലീസ് കേസെടുത്തു.