കോഴിക്കോട്: ആരോഗ്യ രംഗത്ത് വൻ മാറ്റം ലക്ഷ്യമിട്ടുള്ള ഇ-ഹെൽത്ത് പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനം പുരോഗമിക്കുന്നു. മേയ് അവസാനത്തോടെ ജില്ലയിൽ പദ്ധതി ആരംഭിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ആരോഗ്യവകുപ്പിന്റെ ആർദ്രത്തിന്റെ ഭാഗമായി ചികിത്സയും സേവനങ്ങളും ഓൺലൈൻ വഴിയാക്കുന്ന വിപുലമായ പദ്ധതിയാണ് ഇ- ഹെൽത്ത്. ആദ്യ ഘട്ടം ഈ മാസം പൂർത്തിയാകും. ചിലയിടങ്ങളിൽ ഇ-ഹെൽത്തിലൂടെ രജിസ്ട്രേഷനും ആരംഭിച്ചു.
പദ്ധതി നടപ്പാക്കുന്നത് രണ്ട് ഘട്ടങ്ങളിൽ
രണ്ട് ഘട്ടങ്ങളിലായി 34 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും (എഫ്.എച്ച്.സി) ഗവ. മെഡിക്കൽ കോളേജിലുമാണ് മേയിൽ ഇ-ഹെൽത്ത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിലെ എഫ്.എച്ച്.സികളിൾ ഈ മാസം പദ്ധതി ആരംഭിക്കും. മെഡിക്കൽ കോളേജിൽ സാങ്കേതിക പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിൽ എഫ്.എച്ച്.സികളിൽ മേയിൽ ഇ- ഹെൽത്ത് നടപ്പാക്കും.
ഇ - ഹെൽത്ത് തുടങ്ങിയ എഫ്.എച്ച്.സികൾ
പനങ്ങാട്, പുതുപ്പാടി, വടകര
ഈമാസം തുടങ്ങുന്നവ
രാമനാട്ടുകര, ഓമശേരി, മേപ്പയ്യൂർ, കുന്ദമംഗലം, അരിക്കുളം, എടച്ചേരി, കായക്കൊടി, നൊച്ചാട്
നടപ്പാക്കുന്നത് കെൽട്രോൺ
സോഫ്ട്‌വെയറിലൂടെ സർക്കാർ ആശുപത്രികളെ ബന്ധിപ്പിക്കുന്ന ഇ- ഹെൽത്ത് പദ്ധതിയാക്കായി സാങ്കേതിക പ്രവർത്തനം നടത്തുന്നത് കെൽട്രോണാണ്. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനും 15 ലക്ഷം രൂപയാണ് ചെലവ്
നേട്ടങ്ങൾ
രോഗിയുടെ ആരോഗ്യ വിവരം ഡിജിറ്റലായി ലഭിക്കും
രോഗ നിർണയവും ചികിത്സയും എളുപ്പമാകും
ബുക്കിംഗ് സൗകര്യം ലഭിക്കും
ആരോഗ്യ വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും
സാംക്രമിക രോഗങ്ങൾ തടയാനാകും
തുടർ ചികിത്സ എളുപ്പമാകും
തിരക്ക് കുറയ്‌ക്കാം
ആശുപത്രികൾ ഡിജിറ്റലാകും
ക്ഷേമ പരിരക്ഷകളുടെ കൃത്യത ഉറപ്പാക്കാം
സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യും