അമ്പലവയൽ: ബ്രഷ് കടിച്ചുപിടിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ ജോയൽ കെ ബിജുവിനും, ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനും ജോയലിന്റെ ഗുരുവുമായ കെ.ആർ.സി തായന്നൂരിനും അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ ആദരം. അമ്പലവയൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജോയലിന്റെ വളർച്ചയിൽ ഒപ്പം നിന്ന റിസോഴ്സ് അദ്ധ്യാപിക ചന്ദ്രികയേയും ആദരിച്ചു.
വൈസ് പ്രസിഡന്റ് പി.എം തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ ഉദ്ഘാടനം ചെയ്തു.
കാരച്ചാൽ കണ്ടമാലിൽ ബിജു, ടീന ദമ്പതികളുടെ ഇളയ മകനാണ് ജോയൽ. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച ജോയൽ
സ്വന്തം പരിമിതിയെ വെല്ലുവിളിയായി ഏറ്റെടുത്ത്
വർണങ്ങൾ ചാലിച്ച ലോകം സൃഷ്ടിക്കുകയായിരുന്നു. ബത്തേരി ബി.ആർ.സിയിലെ ഹോം ബേസ്ഡ് ട്യൂഷൻ ആയിരുന്നു തുടക്കത്തിൽ ആശ്രയം.
പരസഹായത്തോടെ അല്പം ചലിക്കുന്ന വിരലുകൾ ഉപയോഗിച്ച് ചിത്രങ്ങൾക്ക് നിറം നൽകാൻ കഴിയുമെന്ന് റിസോഴ്സ് അദ്ധ്യാപികയായ ചന്ദ്രിക വിജയൻ
മനസിലാക്കി. പിന്നീട് ജോയലിന്റെ കഴിവിനെ
പുറത്തുകൊണ്ടുവന്നത് കെ രാമചന്ദ്രൻ എന്ന കെ.ആർ സി തായന്നൂരാണ്. കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടമായ ജോയലിന് മൗത്ത് പെയിന്റിംഗ് എന്ന ആശയം അദ്ദേഹം കണ്ടെത്തി. മൂന്ന് മാസം കൊണ്ട്
ഇരുന്നൂറിലധികം ചിത്രങ്ങളാണ് ജോയൽ മൗത്ത് വരച്ചത്.
കാസർകോട് സ്വദേശിയായ കെ.ആർ.സി തായന്നൂർ വയനാട്ടിൽ വന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്.
കുട്ടികൾക്കായുള്ള അഗ്നിപഥ് ഷാൻ ഇ സമാജ് പുരസ്‌കാരം ജോയലിനും അഗ്നിപഥ് കലാരത്ന പുരസ്‌കരം കെ.ആർ.സി തായന്നൂരിനും ലഭിക്കുകയുണ്ടായി. ജോയലിന് വേണ്ടി ഡൽഹിയിൽ ചെന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.
സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ എം എഫ് പി എ ദേശീയതലത്തിൽ ബാംഗ്ലൂരിൽ വച്ച്
നടത്തിയ ഇന്ത്യൻ ആർട്ടിസ്റ്റ് മീറ്റിൽ പങ്കെടുക്കാനും ഈ കൊച്ചുകലാകാരന് അവസരം ലഭിച്ചിരുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും ജോയലിനെ തേടിയെത്തി.
ചടങ്ങിൽ വാർഡ് മെമ്പർ സുമ രാജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഡിവിഷൻ മെമ്പർ കുഞ്ഞുമോൾ, വാർഡ് മെമ്പറായ ഷെമീർ എന്നിവർ സംസാരിച്ചു.
പടം1 ക്യാപ്ഷൻ അഗ്നിപഥ് കലാരത്ന പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് സീത വിജയനിൽ നിന്നും കെ ആർ സി തായന്നൂർ ഏറ്റ്‌വാങ്ങുന്നു.
പടം 2ക്യാപ്ഷൻ
അഗ്നിപഥ് ഷാൻ ഇ സമാജ് പുരസ്‌കാരം പഞ്ചായത്ത്
ഡിവിഷൻ മെമ്പർ കുഞ്ഞുമോളും കെ.ആർ.സി തായന്നൂരും ചേർന്ന് ജോയലിന് നൽകുന്നു.