സുൽത്താൻ ബത്തേരി: കേരള സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് 14.64കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി.
അട്ടപ്പാടിയിൽ ബ്രീഡർ ഫാം നിർമ്മാണത്തിന് 8.50കോടി രൂപ,കോഴി മാലിന്യം സംസ്‌ക്കരിക്കാൻ മൂന്ന് ഡ്രൈ റെൻഡറിംഗ് പ്ലാന്റുകൾക്ക് 3കോടി രൂപ, റീഫർ വെഹിക്കിൾ ഇനത്തിൽ 2.14 കോടി രൂപ, പ്രവർത്തന മൂലധനം ഒരു കോടി രൂപ എന്നിങ്ങനെയാണ് 14.64 കോടി രൂപ അനുവദിച്ചത്.
കേരള പുനർനിർമ്മാണ പരിപാടിയുടെ (ആർ.കെ. ഐ) ഉന്നതാധികാര സമിതി ശുപാർശ ചെയ്ത കേരള ചിക്കൻ പദ്ധതിക്ക് ലോകബാങ്കിന്റെ വികസന വായ്പയിൽ നിന്നാണ് തുക ലഭ്യമാക്കുക.
സുരക്ഷിതവും, ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് മൊത്തം 63.11കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പാലക്കാട് ഷോളയൂർ പഞ്ചായത്തിൽ 24 ഏക്കർ സ്ഥലത്ത് ബ്രഹ്മഗിരി വെങ്കോബ് ബ്രീഡർ ഫാം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.