 ആന്ധയിലും കർണ്ണാടകയിലും പ്രതിസന്ധി

 സംസ്ഥാന വിപണിയിൽ പ്ര‌ശ്‌നമില്ല

കോഴിക്കോട്: കൊറോണ ബാധയുണ്ടാകുമെന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് രാജ്യത്തെ പ്രധാന ഇറച്ചിക്കോഴി ഉത്പാദന കേന്ദ്രങ്ങളായ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വ്യാപാരം തകർന്നടിഞ്ഞു. കേരളത്തിൽ വില കുറഞ്ഞെങ്കിലും വ്യാപരത്തെ ബാധിച്ചിട്ടില്ല.

കനത്ത ചൂടും, ഈസ്റ്ററിനോടനുബന്ധിച്ച് ക്രിസ്ത്യൻ മതവിഭാഗത്തിലുള്ളവർ 50 നോമ്പ് ആരംഭിച്ചതും കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. എന്നാൽ വ്യാജപ്രചാരണം കാരണം വ്യാപാരത്തിൽ കാര്യമായ വിലക്കുറവുണ്ടായിട്ടില്ലെന്ന് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിൽ ഫാമുകളിൽ ഒരു കിലോ ഇറച്ചിക്കോഴി 57 രൂപയ്‌യാണ് വിൽക്കുന്നത്. ഈ വിലകൊണ്ടു കർഷകർക്ക് കാര്യമായ ലാഭം ലഭിക്കില്ലെങ്കിലും നഷ്ടമുണ്ടാവില്ല. എന്നാൽ രണ്ട് മാസം മുമ്പ് 100 മുതൽ 110 രൂപ വരെ ഫാം ഉടമകൾക്ക് ലഭിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ ഫാമുകളിലെ ഇറച്ചിക്കോഴി വില

ആന്ധ്രപ്രദേശ്: 39 രൂപ

തമിഴ്നാട്: 42 രൂപ

കർണാടക: 42 രൂപ

ഒറീസ: 37- 40 രൂപ

പഞ്ചാബ്: 70 രൂപ

ഡൽഹി: 65-70 രൂപ

ഉത്തർപ്രദേശ്: 61 രൂപ

രാജസ്ഥാൻ: 58- 60 രൂപ

മദ്ധ്യപ്രദേശ്: 48-50 രൂപ