പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ ദാസനക്കര ഫോറസ്റ്റ് വയൽ ആദിവാസി കോളനിയിലെ മൂന്ന് കുടുംബങ്ങൾ അന്തിയുറങ്ങാൻ വനംവകുപ്പിന്റെ കനിവ് തേടുന്നു. ട്രൈബൽ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മൂന്ന് വീടുകളുടെ പണി വനഭൂമിയിലാണെന്ന് വനംവകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്നാണ് ഈ കുടുംബങ്ങൾ പെരുവഴിയാലായത്.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഫോറസ്റ്റ് വയൽ കോളനിയിൽ വനാവകാശ പ്രകാരം നൽകിയ വനഭൂമിക്ക് സമീപം വനത്തിൽ മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കെട്ടിടങ്ങൾ നിർമ്മിച്ചു തുടങ്ങിയ സമയത്ത് ഈ വിവരം ഈ കുടുംബങ്ങളെ അറിയിച്ചിരുന്നില്ല. ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കോളനിക്ക് പുറത്ത് താമസിക്കുന്ന ചിലരാണ് വീട് നിർമ്മിച്ചതെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ കോളനിയിൽ ഇവരുടെ മാതാപിതാക്കൾ കഴിയുന്നുണ്ട്. സ്ഥലമില്ലാത്തതിനാൽ അര കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലാണ് ഇവർ കഴിയുന്നത് എന്ന് വീടുകൾ അനുവദിക്കപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു. കോളനിയിലെ മിനി, പ്രിയ, ലീല, എന്നിവരുടെ പേരുകളിൽ ലഭിച്ച വീടുകളാണ് പണിനിലച്ചിരിക്കുന്നത്. കരാറുകാരൻ മൂന്നു വർഷം മുമ്പേ പണി പാതി വഴിയിൽ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. സ്വന്തമായി വീടില്ലാതായതോടെ ഈ കുടുംബങ്ങൾ ദുരിതങ്ങൾക്ക് നടുവിലാണ്.
(ഫോട്ടൊ- നിർമ്മാണം നിലച്ച വീടുകൾ)