പുൽപ്പള്ളി: കരാറുകാരൻ മരിച്ചതോടെ നിരവധി ആദിവാസി വീടുകളുടെ പണിയും നിലച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് പണിയ കോളനിയിലെ 8 വീടുകളുടെ പണിയാണ് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മുടങ്ങിയിരിക്കുന്നത്.
ട്രൈബൽ വകുപ്പിന്റെ 3 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. ഇതിൽ മൂന്നേകാൽ ലക്ഷത്തോളം രൂപ കരാറുകാർ ഗുണഭോക്കാക്കളിൽ നിന്നു വാങ്ങിയിരുന്നു. ഇവിടെ നിർമ്മിച്ച 8 വീടുകൾക്കും വാതിലുകളും ജനലുകളുമില്ല. കക്കൂസുകളുടെ പണിയും പൂർത്തീകരിച്ചിട്ടില്ല. വീടിന്റെ മേൽകൂരയിൽ ഓട് പാകുന്നത് അടക്കമുള്ള പണികളും നടത്തേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ രണ്ട് ലക്ഷത്തോളം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമെ ഈ പണി പൂർത്തീകരിക്കാൻ കഴിയുകയുളളു.
കോളനിയിലെ ബാലകൃഷ്ണൻ, മനു, കറുപ്പി, ശാന്ത, കൊച്ചി, മാധവി, വെള്ളച്ചി, കുള്ളൻ എന്നിവരുടെ വീട്പണിയാണ് നിലച്ചിരിക്കുന്നത്. മഴ പെയ്താൽ വീടാകെ ചോരും. വാതിലും മറ്റും ഇല്ലാത്തതിനാൽ ഇതിനുള്ളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്. രണ്ട് വർഷം മുമ്പാണ് കരാറുകാരൻ ആത്മഹത്യ ചെയ്തത്. ഇതോടെ ഇവരുടെ വീടുപണികളും നിലയ്ക്കുകയായിരുന്നു. ജില്ലാ കലക്ടറെ നേരിൽ കണ്ട് തങ്ങളുടെ ദുരിതങ്ങൾ അധികൃതരെ അറിയിക്കാനാണ് കോളനിവാസികളുടെ തീരുമാനം.
(ഫോട്ടൊ- നിർമ്മാണം നിലച്ച മരക്കടവ് കോളനിയിലെ വീടുകളിൽ ഒന്ന്)