cow

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ കായക്കൂൽ അരീക്കര കുളത്തിന്റെ മീത്തൽ കുമാരന്റെ പശുവായ മണിക്കുട്ടി പ്രസവിച്ചത് ഇരട്ടക്കുട്ടികളെ. ഇരുപത്തിരണ്ട് വയസു മുതൽ പശുവളർത്തൽ ഉപജീവനമാക്കിയ കുമാരന്റെ ഏഴു വയസുള്ള സങ്കരയിനം പശുവിന്റെ ആറാമത്തെ പ്രസവത്തിലാണ് ഇരട്ടകൾ പിറന്നത്. ഒന്ന് പെണ്ണും മറ്റൊന്ന് ആണുമാണ്.

രണ്ട് കുട്ടികളും പൂർണ ആരോഗ്യത്തോടേ വീടിന് ചുറ്റും ഓടിക്കളിക്കുകയാണ്. പ്രസവത്തിന് മുമ്പ് പശു അസാധരണമായ ഒരു ലക്ഷണവും കാണിച്ചിരുന്നില്ല. പച്ചപ്പുല്ലും പച്ചക്കായയുടെ തൊലിയുമാണ് അമ്മപ്പശുവിന്ന് തീറ്റയായി നൽകുന്നത് കുമാരൻ പറയുന്നു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന കുമാരൻ ആറ് വർഷം മുമ്പ് ജോലിക്കിടെ താഴെ വീണിരുന്നു. തുടർന്ന് ശരീരത്തിന്റെ വലത് വശത്ത് കാര്യമായി പരിക്കേറ്റു. ഇതോടെയാണ് പശുപരിപാലനത്തിൽ പൂർണമായി ഇറങ്ങിയത്.

മണിക്കുട്ടിയെയും കുട്ടികളെയും കാണാൻ ധാരാളം പേരെത്തുന്നുണ്ട്. നരിപ്പറ്റ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. ജിത്തു വീട്ടിലെത്തി തള്ള പശുവിനെയും കുട്ടികളെയും പരിശോധിച്ചു.