മുക്കം: മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരമാേ റജിസ്ട്രേഷനോ ഇല്ലാത്ത യോഗ്യത പ്രദർശിപ്പിച്ചതിന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. മുക്കം ഗവ.കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അസിസ്റ്റൻറ് സർജനായ ഡോ.സി കെ ഷാജിക്കെതിരെയാണ് നടപടി. അധികയോഗ്യതകളെന്ന നിലയിൽ അംഗീകാരമില്ലാത്ത എം.ആർ.സി.ജി.പി, എഫ്.സി.ജി.പി എന്നിവ ബോർഡുകളിലും ലെറ്റർ ഹെഡ്ഡുകളിലും മറ്റും പ്രദർശിപ്പിച്ച് രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയാണെന്നാരോപിച്ചും നടപടി ആവശ്യപ്പെട്ട് വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ച് നടപടിയെടുക്കാൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിസിൻ എതിക്സ് കമ്മിറ്റിയെ ചുമതലപെടുത്തി. തുടർന്ന്കമ്മിറ്റി ഡോക്ടറുടെ വിശദീകരണം തേടി. ഡോക്ടർ നൽകിയ വിശദീകരണത്തിൽ താൻ അറിവില്ലായ്മകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും തൻ്റെ ബോർഡിൽ പ്രദർശിപ്പിച്ച റജിസ്റ്റർ ചെയ്തിട്ടില്ലാത്ത യോഗ്യതകൾ മാറ്റിയെന്നും പറ്റിയ തെറ്റിനു മാപ്പപേക്ഷിക്കുന്നു എന്നും അറിയിക്കുകയായിരുന്നു. മേലിൽ ഇത്തരത്തിൽ എത്തിക്സിനു വിരുദ്ധമായ പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ശക്തമായ താക്കീതു നൽകിയാണ് മെഡിക്കൽ കൗൺസിൽ പരാതി തീർപ്പാക്കിയത്.