കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ശാഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരം 34 ദിവസം പൂർത്തിയായി. ബാലുശ്ശേരി മണ്ഡലത്തിലെ പ്രവർത്തകരാണ് ഇന്നലെ പങ്കെടുത്തത്.
പ്രമുഖ എഴുത്തുകാരൻ കല്‍പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. നുണകൾ കൊണ്ട് രാജ്യം കെട്ടി പൊക്കാനിറങ്ങിയ ഹിറ്റ്‌ലർക്കും ഗീബൽസിനുമുണ്ടായ ദുരനുഭവങ്ങളാണ് മോദിയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം സ്വതന്ത്ര്യ സമരത്തിൽ സമാധാന മാർഗത്തിലുള്ള യൂത്ത്‌ലീഗിന്റെ ഷഹീൻ ബാഗ് പോരാട്ടത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പ്രസിഡന്റ് പി.എച്ച്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സരിൻ മുഖ്യപ്രഭാഷണം നടത്തി. എം. ഗീതാനന്ദൻ മുഖ്യാതിഥിയായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ കെ. രാമചന്ദ്രൻ മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബാലുശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. ഷക്കീർ സ്വാഗതവും, ട്രഷറർ ലത്തീഫ് നടുവണ്ണൂർ നന്ദിയും പറഞ്ഞു.