കോഴിക്കോട്: തപാൽ വകുപ്പിന്റെ സഹകരണത്തോടെയുള്ള സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റും പോസ്റ്റ് ഫോറം സീനിയർ അംഗവുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ആദ്യഗഡു സീനിയർ പോസ്റ്റൽ സൂപ്രണ്ട് കെ. സുകുമാരന് നൽകി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി കിടങ്ങനാട് പോസ്റ്റ് ഓഫീസ് പരിധിയിൽ പെട്ട ട്രെബൽ കോളനിയിലെ 10 വയസിനു താഴെയുള്ള പെൺകുട്ടികളിൽ 10 പേർക്ക് അക്കൗണ്ട് തുടങ്ങാനുള്ള തുകയാണ് കൈമാറിയത്. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, പോസ്റ്റ് ഫോറം അംഗം സി.സി. മനോജ്, പോസ്റ്റൽ അസി. സൂപ്രണ്ട് ഷീജാ പ്രഭാകരൻ, കോഴിക്കോട് ഡിവിഷൻ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എൻ. സത്യൻ എന്നിവർ സംസാരിച്ചു.
പ്രതിവർഷം ചുരുങ്ങിയത് 250 രൂപയും കൂടിയത് ഒന്നരലക്ഷം രൂപയും അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂർത്തിയാവുമ്പോൾ പെൺകുട്ടിയുടെ അക്കൗണ്ടിലുള്ള മൊത്തം തുകയുടെ 50 ശതമാനം പിൻവലിക്കാം. 8.4 ശതമാനമാണ് പലിശ. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊരിടത്തേക്ക് അക്കൗണ്ട് മാറ്റാം.